"സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കാമായിരുന്നു"; പാര്‍വതി തിരുവോത്തിനോട് മാലാ പാര്‍വതി

WCCയെയും, പാര്‍വതിയെയും ഏറ്റവും ആദരവേടെ തന്നെയാണ് കാണുന്നത്. അതില്‍ മാറ്റമില്ല. പറയുന്നതില്‍ അല്‍പം കൂടെ വ്യക്തത വരേണ്ടതുണ്ട് എന്നാണെന്റെ അഭിപ്രായം.
Parvathy Thiruvothu and Maala Parvathi
പാർവതി തിരുവോത്ത്, മാലാ പാർവതി Source : Facebook / Parvathy Thiruvothu, Maala Parvathi
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പാര്‍വതിക്ക് ഒരു തുറന്ന കത്ത് എഴുതിയിരിക്കുകയാണ് നടി മാലാ പാര്‍വതി. അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് പാര്‍വതി തിരുവോത്തിന്റെ ചോദ്യത്തെ വിസ്മയത്തോടെ മാത്രമേ കാണാന്‍ സാധിക്കുകുള്ളൂ എന്ന് എഴുതിക്കൊണ്ടാണ് മാലാ പാര്‍വതി കത്ത് തുടങ്ങുന്നത്. ഫേസ്ബുക്കിലാണ് നടി കത്ത് പങ്കുവെച്ചത്.

ഹേമാ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവരാരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കാട്ടിയാണ് പൊലീസ് കേസുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. മൊഴി ആവശ്യപ്പെട്ട് കോടതി വഴി പൊലീസ് നോട്ടീസ് അയച്ചിരുന്നു. നോട്ടീസിനും മറുപടി നല്‍കിയില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി ഈ മാസം അവസാനം കോടതിയില്‍ അറിയിക്കും. എന്നാല്‍, പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ തുടരാനാണ് പൊലീസിന്റെ തീരുമാനം.

മാലാ പാര്‍വതിയുടെ കത്തിന്റെ പൂര്‍ണ രൂപം :

പ്രിയപ്പെട്ട പാര്‍വ്വതി തിരുവോത്തിന് ഒരു തുറന്ന കത്ത്..

അഞ്ച് വര്‍ഷമായി, സര്‍ക്കാര്‍ എന്ത് ചെയ്തു, എന്ന് പാര്‍വതി തിരുവോത്തിന്റെ ചോദ്യത്തെ വിസ്മയത്തോടെ മാത്രമേ കാണാന്‍ സാധിക്കുന്നൊള്ളു. ഹേമാ കമ്മിറ്റി വെച്ചതും SITരൂപീകരിച്ചതും, WDC യുടെ പ്രവര്‍ത്തനങ്ങളും, സ്ത്രീകളെ ഇന്‍ഡസ്ട്രിയിലേക്ക് കൊണ്ട് വരാന്‍ അക്കാദമി ചെയ്യുന്ന കാര്യങ്ങളും ,കരട് രേഖ ചമയ്ക്കുന്നതിന്റെ ചര്‍ച്ചകളും ഒന്നും കാണാതെ പോകുന്നുണ്ടോ എന്നൊരു സംശയം. മറ്റൊരു സംസ്ഥാനവും, ചിന്തിക്കാത്ത കാര്യം ചെയ്ത് തുടങ്ങിയ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കാമായിരുന്നു.

ഒരു സഹപ്രവര്‍ത്തക, എന്നോട് രഹസ്യമായി പങ്കുവച്ച ഒരു ദുരനുഭവം, Hema Committeeയുടെ മുന്നില്‍ ഞാന്‍ പറഞ്ഞത്. സിനിമയില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് എനിക്കറിയാവുന്നതെല്ലാം അവരും അറിയണം എന്ന ആഗ്രഹത്തിലാണ് -നാളെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ വരുന്ന സ്ത്രീകള്‍ക്ക് ഗുണമാകും എന്ന ആഗ്രഹത്താല്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കുവച്ച ആ വിഷയങ്ങളില്‍ FIR ഇട്ടു എന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി പോയി. എന്റെ സ്വന്തം അനുഭവങ്ങള സംബന്ധിച്ച് തെളിവ് കൊടുക്കാന്‍ പോയപ്പോള്‍, ആ വിഷയത്തെ കുറിച്ച് ഒരു അറിവും ഇല്ലാത്തവരെ സാക്ഷിയാകാന്‍ വിളിക്കുന്നു എന്നും, അതവരുടെ ജീവിതത്തില്‍ പ്രശ്‌നമുണ്ടാക്കുന്നു എന്നും അറിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത വിഷമമുണ്ടായി. പക്ഷേ അതിനെക്കാള്‍, വിഷമിപ്പിച്ചത്, എന്റെ സഹപ്രവര്‍ത്തക പറഞ്ഞ കാര്യത്തെ കുറിച്ച് FIRഉണ്ട് എന്നറിഞ്ഞപ്പോഴാണ്. SITയില്‍ മൊഴി കൊടുക്കാന്‍ പോയപ്പോഴാണ് ഞാനത് അറിയുന്നത്. അപ്പോള്‍ തന്നെ ആ കുട്ടിയെ ഫോണില്‍ വിളിച്ചു. ആ പെണ്‍ കുട്ടി എന്നോട് ക്ഷോഭിച്ചു. എങ്ങനെയും പേര് ഒഴിവാക്കണമെന്നും, അവര്‍ നേരിട്ടതിനെക്കാള്‍ വലിയ ഉപദ്രവം ചെയ്തത് ഞാനാണെന്നും പറഞ്ഞപ്പോള്‍, പരിഹാരം കാണാനായാണ് സുപ്രീം കോടതിയില്‍ പോയത്.

അത്, ശരിയായിരുന്നോ തെറ്റായിരുന്നോ ചെയ്തത് എന്നതിനെക്കാള്‍ ഈ വിഷയത്തില്‍ ക്ലാരിറ്റി ഉണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നു. കൃത്യമായ ഒരു decree ആണ് കോടതി തന്നത്.

ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്ന അജിത.. കേസ് കൊടുത്ത സമയത്ത്, ശാസനാ സ്വരത്തില്‍ എന്നോട് പറഞ്ഞത്, എന്റെ മനസ്സില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഈ കേസ് കാരണം, ഈ സമരത്തിന്റെ ശക്തി ചോര്‍ന്ന് പോകരുത് എന്നും അജിതേച്ചി പറഞ്ഞു. ഹേമാ കമ്മിറ്റിയില്‍, പരാതി പറഞ്ഞവര്‍ക്ക് കേസുമായി മുന്നോട്ട് പോകാന്‍ ഇത് തടസ്സമാകരുത് എന്നും ചേച്ചി പറഞ്ഞു. തടസ്സമാകില്ല, എന്ന് ഞാന്‍ പറഞ്ഞ ഉത്തരത്തിന്, 'എങ്കില്‍ കൊള്ളാം' എന്നാണ് അജിതേച്ചി മറുപടി പറഞ്ഞത്.

ഇത് ഞാന്‍ പറയുമ്പോള്‍, ഹേമാ കമ്മിറ്റിയില്‍ പോയ ഭൂരിഭാഗം പേരും SITയുമായി സഹകരിക്കില്ല എന്ന് മനസ്സിലാക്കിയിരുന്നില്ല. കോടതിയില്‍ മൊഴി കൊടുക്കാന്‍ മൂന്ന് തവണ നോട്ടീസ് വന്നു. എനിക്കും വന്നിരുന്നു. സുപ്രീം കോടതിയിലെ കേസ് ഉള്ളത് കൊണ്ട് കോടതിയില്‍ പോയില്ല. പക്ഷേ നട്ടെല്ലുള്ള, നിലപാടുള്ള സഹപ്രവര്‍ത്തകരും പോകാത്തത് എന്നെ വിസ്മയിപ്പിച്ചു.

Parvathy Thiruvothu and Maala Parvathi
ഹേമാ കമ്മിറ്റിയില്‍ മൊഴി നല്‍കിയവർ അന്വേഷണത്തോട് സഹകരിക്കുന്നില്ല; കേസുകള്‍ എഴുതിത്തള്ളാന്‍ പൊലീസ്

കോടതിയില്‍ പോയി നമ്മുടെ പരാതി പറയാതെ, നമ്മുടെ പക്ഷം പറയാതെ, നിയമ നടപടി ഉണ്ടാകണം എന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. ഗവണ്‍മെന്റ് എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? ഹേമാ കമ്മിറ്റിയില്‍ മൊഴി കൊടുത്ത പ്രകാരം, കേസെടുത്ത് പ്രതികളെ ശിക്ഷിക്കട്ടെ, കൂടുതല്‍ ചോദ്യോത്തരം ഒന്നും വേണ്ട എന്നാണോ? Natural Justice-ന് എതിരായി ഗവണ്‍മെന്റ് നിലപാടെടുക്കണം എന്നാണോ?

'കോടതിയില്‍ പോയാല്‍, സിനിമയില്‍ അവസരം നഷ്ടപ്പെടുത്തും, വെച്ചേക്കത്തില്ല, അതു കൊണ്ട് ,മൊഴി കൊടുത്തത് തന്നെ ധാരാളം, ചെയ്തത് മതി. ഇനി നടപടിയുണ്ടാവട്ടെ', എന്ന വാദം യോജിക്കാനാവാത്തതാണ്. രേവതി സമ്പത്ത് കേസ് നടത്തുന്നത് നമ്മുടെ മുന്നില്‍ തെളിവായുണ്ട്. പൊതു സമൂഹത്തിന്റെ പിന്തുണയും ആ കുട്ടിക്ക് തന്നെയാണ്.

WCCയെയും, പാര്‍വ്വതിയെയും ഏറ്റവും ആദരവേടെ തന്നെയാണ് കാണുന്നത്. അതില്‍ മാറ്റമില്ല. പറയുന്നതില്‍ അല്‍പം കൂടെ വ്യക്തത വരേണ്ടതുണ്ട് എന്നാണെന്റെ അഭിപ്രായം.

സ്ത്രീകള്‍ പറഞ്ഞതു കൊണ്ട്, നടപടി എന്നതും ശരിയല്ല. Right To Be Heardഎന്നത് ഒരു ഫണ്ടമെന്റല്‍ പ്രിന്‍സിപ്പിള്‍ ആണ്. അത് പെണ്ണിനും ആണിനും കൊടുക്കേണ്ടത് ഒരു ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. പിന്നെ കരട് രേഖ.. അത് നടക്കുന്നുണ്ട് എന്നതും എല്ലാവര്‍ക്കും അറിയാം. പരിഹാസത്തിന് പ്രസക്തിയുണ്ടോ എന്ന് ഉറക്കെ ചിന്തിക്കുന്നു.

കമ്മിറ്റി രൂപീകരിക്കാനിടയായ യഥാർഥ കാരണങ്ങളില്‍ ഇനി ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ എന്നായിരുന്നു പാർവതിയുടെ ചോദ്യം. കേസുകള്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന വാർത്ത പങ്കുവെച്ചുകൊണ്ടാണ് പാർവതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രതികരിച്ചത്.

parvathy's instagram story
പാർവതി തിരുവോത്തിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി Source : Instagram / Parvathy Thiruvothu

"ഇനി ഈ കമ്മിറ്റി രൂപീകരിക്കാനിടയായ ശരിയായ കാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമല്ലേ? സിനിമാ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനായി നയങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നല്ലോ ലക്ഷ്യം? അതിനെന്തുപറ്റി? റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമല്ലേ ആയിട്ടുള്ളൂ, ഒരു തിരക്കുമില്ല," എന്നാണ് പാർവതി കുറിച്ചത്. മുഖ്യമന്ത്രിയെ ടാഗ് ചെയ്തായിരുന്നു പാർവതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com