കോൺഗ്രസിനൊപ്പം പാറ പോലെ നിന്ന കരുത്ത്; നിലമ്പൂരിലെ 'യഥാർഥ ഹീറോ' വി.എസ്. ജോയ്

ഫലപ്രഖ്യപനത്തിനുശേഷം പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യങ്ങളിൽ ആര്യാടൻ ഷൗക്കത്തിനൊപ്പം ജോയിയുമുണ്ടായിരുന്നു
vs joy malappuram DCC president
ആര്യാടൻ ഷൗക്കത്ത്, വി.എസ്. ജോയ്Source: Facebook/ VS Joy
Published on

തെരഞ്ഞെടുപ്പുകളിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നുള്ള കലഹവും ചേരിമാറ്റവുമൊക്കെ ഒരുപാട് കണ്ടിട്ടുള്ള കോൺഗ്രസ് രാഷ്ട്രീയത്തിൽ വേറിട്ട ശബ്ദമാണ് മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി.എസ്. ജോയ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം സ്ഥാനാർഥി നിർണയ ഘട്ടത്തിൽ ആര്യാടൻ ഷൗക്കത്തിനൊപ്പം കോൺഗ്രസ് പരിഗണിച്ചത് ഒരേയൊരു പേരുമാത്രം, വി എസ് ജോയ്. ഷൗക്കത്തുമായി നേരത്തേ മുതൽ ഉരസി നിന്നിരുന്ന അൻവർ യുഡിഎഫിനെ പിന്തുണയ്ക്കാൻ ഉപാധിവച്ചതും ജോയിയുടെ സ്ഥാനാർഥിത്വമായിരുന്നു.

ജയമുറപ്പിക്കാൻ മലയോര ജനതയുടെ മനസറിയുന്ന ജോയി വേണമെന്ന് അൻവർ ശഠിച്ചു. എന്നാൽ അൻവറിൻ്റെ പിടിവാശിക്കു വഴങ്ങാൻ കോൺഗ്രസ് ഒരുക്കമായിരുന്നില്ല. പിന്നാലെ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കി ഹൈക്കമാൻ്റിൻ്റെ പ്രഖ്യാപനമെത്തി. അപ്പോഴും പാർട്ടിയോടുള്ള വി.എസ്. ജോയിയുടെ കൂറിൽ നെല്ലിട വ്യത്യാസമുണ്ടായില്ല.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ചൂണ്ടുപലകയാകുന്ന ഉപതെരഞ്ഞെടുപ്പിൽ ഷൗക്കത്ത് ജയിച്ചു കയറേണ്ടത് ഡിസിസിക്ക് ചുക്കാൻ പിടിക്കുന്ന തൻ്റെ ഉത്തരാവിദത്വമെന്ന് വി.എസ്. ജോയി കരുതി. അദ്ദേഹം സ്ഥാനാർഥിക്കൊപ്പം പാറ പോലെ ഉറച്ചു നിന്നു. പിന്നീട് പ്രചാരണ രംഗത്ത് കണ്ടത് രാവെന്നോ പകലെന്നോ ഇല്ലാതെയുള്ള ജോയിയുടെ അക്ഷീണ പ്രയത്നം.

vs joy malappuram DCC president
ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ! നിലമ്പൂരിലെ 'അൻവർ ഫാക്ടർ'

അദ്ദേഹം പ്രവർത്തകർക്കൊപ്പം നിലമ്പൂർ മണ്ഡലത്തിൻ്റെ മുക്കിനും മൂലയിലുമെത്തി സൗമ്യമായ ചിരിയോടെ ഒരോ വോട്ടർമാരെയും കണ്ടു. ഓരോ നിമിഷവും പ്രചാരണ രംഗത്തുണ്ടായ വിടവുകൾ തിരിച്ചറിഞ്ഞ് പരിഹരിച്ചു. അൻവർ തീർത്ത പ്രതിബന്ധങ്ങളെയും താണ്ടി.

നാടിളക്കിയുള്ള പ്രചാരണത്തിനൊടുവിൽ പതിനൊന്നായിരം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയത്തിൻ്റെ മധുരം നുണഞ്ഞു. അത് ഒരു പക്ഷേ പാർട്ടിയിൽ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് വി.എസ്. ജോയിയായിരിക്കാം. പരാതിയും പരിഭവവുമില്ലാതെ ജോയി പാർട്ടിക്കൊപ്പം നിന്ന് വിയർപ്പൊഴുക്കി നേടിയ വിജയമാണിത്.

ഫലപ്രഖ്യപനത്തിനുശേഷം പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യങ്ങളിൽ ആര്യാടൻ ഷൗക്കത്തിനൊപ്പം ജോയിയുമുണ്ടായിരുന്നു. ഒടുവിൽ ജോയിക്കുള്ള ഷൗക്കത്തിൻ്റെ സ്നേഹ ചുംബനത്തോടെ ശുഭപര്യവസാനം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രവർത്തിക്കാനുള്ള ഊർജമായാണ് കോൺഗ്രസ് പ്രവർത്തകർ ഈ നിമിഷത്തെ കണ്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com