
കോഴിക്കോട് മുക്കത്ത് അപകടത്തില്‍ പരിക്കേറ്റ വയോധികന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി. മുക്കം കെഎംസിടി ആശുപത്രിയ്‌ക്കെതിരെയാണ് ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് ആശുപത്രിയില്‍ എത്തിച്ച രോഗിയുടെ എക്‌സ്‌റേ എടുക്കുന്നത് രാത്രി 9നെന്ന് കുടുംബം. മലപ്പുറം തെരിയമ്പലം സ്വദേശി ബഷീര്‍ ആണ് രാത്രി പത്ത് മണിയോടെ മരിച്ചത്.
'എക്‌സ്‌റേ എടുക്കണം, ഇന്റേര്‍ണല്‍ ബ്ലീഡിങ് ഉണ്ടോ എന്ന് സംശയം ഉണ്ട്. അത് കഴിഞ്ഞ് ഒന്‍പതരയ്ക്ക് ആണ് എക്‌സ് റേ എടുക്കുന്നത്. ഉള്ളില്‍ ഫ്രാക്ചര്‍ ഉണ്ടെന്ന് അവര്‍ തന്നെ പറഞ്ഞിരുന്നു. വന്നപ്പോള്‍ തൊട്ട് അവരോട് പറയുന്നുണ്ട്. സീരിയസ് ആണെങ്കില്‍ ഞങ്ങള്‍ മറ്റു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയ്‌ക്കോളാം. അപ്പോഴൊക്കെ നോക്കട്ടെ എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. 9.45ന് ആള്‍ക്ക് പള്‍സ് ഇല്ല. ഞങ്ങള്‍ ഓടി ചെന്ന് നോക്കുമ്പോള്‍ അവര്‍ സിപിആര്‍ കൊടുക്കുകയായിരുന്നു. അപ്പോഴേക്കും മരിക്കുകയും ചെയ്തു,' ബന്ധു പറഞ്ഞു.
ഓട്ടോറിക്ഷ പുറകോട്ട് എടുക്കുമ്പോള്‍ കാലിന്മേല്‍ കയറിയാണ് ബഷീറിന് പരിക്കേറ്റത്. ഉടന്‍ തന്നെ രോഗിയെ കെഎംസിടി ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ രോഗിയെ വേണ്ട വിധം ചികിത്സിക്കുന്നതില്‍ ആശുപത്രിയ്ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍ ചികിത്സ വൈകിയിട്ടില്ലെന്ന ആരോപണമാണ് ആശുപത്രി അധികൃതര്‍ ഉന്നയിക്കുന്നത്.
രാത്രി പത്ത് മണിയോടെയാണ് ബഷീര്‍ മരിച്ചത്. ഇതിന് പിന്നാലെ ആശുപത്രിയില്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തില്‍ മലപ്പുറം വാഴക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.