

രാഷ്ട്രീയം തുറന്നു പറയാന്‍ ഭയമോ മടിയോ ഒരിക്കലും കാണിക്കാത്ത നടനായിരുന്നു സലിം കുമാര്‍. ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വരെ കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടി ശബ്ദമുയര്‍ത്തുക മാത്രമല്ല, എതിര്‍ രാഷ്ട്രീയത്തിലുള്ളവരെ വിമര്‍ശിക്കാനും സലിം കുമാര്‍ മടി കാണിച്ചിട്ടില്ല.
ജന്മദേശമായ പറവൂരില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ കേരളത്തില്‍ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് ഉറപ്പിച്ച് പറഞ്ഞ കോണ്‍ഗ്രസുകാരന്‍. പറവൂരില്‍ മാറ്റമുണ്ടാകില്ല, കേരളത്തില്‍ മാറ്റമുണ്ടാകുമെന്നായിരുന്നു അന്ന് പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത്.
ജനങ്ങള്‍ എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ടെന്നും മെയ് നാലിന് അറിയാമെന്നും അന്ന് സലിം കുമാര്‍ പ്രവചിച്ചു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സലിം കുമാറിന്റെ വിമര്‍ശനങ്ങള്‍ നീണ്ടിരുന്നു. വി.ഡി. സതീശനുമായുള്ള സംവാദത്തെ കുറിച്ച്, 'പുലിമടയില്‍ കൊണ്ടുപോയി തലവയ്ക്കേണ്ട' എന്നായിരുന്നു പിണറായി വിജയനോട് പരിഹാസരൂപേണ സലിം കുമാര്‍ പറഞ്ഞത്. തോമസ് ഐസകിനെ പണ്ട് വി.ഡി. സതീശന്‍ ധൃതരാഷ്ട്രര്‍ എന്ന് എഴുതിച്ചു. മുഖ്യമന്ത്രിയെ കൊണ്ട് സതീശന്‍ ഋത്വിക് റോഷന്‍ എന്നെഴുതിക്കുമെന്നും സലിം കുമാര്‍ പരിഹസിച്ചിരുന്നു.
പറവൂരില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെത്തിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെയും രൂക്ഷമായി പരിഹസിച്ചു. മെസ്സി കേരളത്തിലേക്ക് വരാത്തത് സ്വര്‍ണം കൊണ്ടുണ്ടാക്കിയ തന്റെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ മോഷ്ടിക്കുമോ എന്ന് ഭയന്നിട്ടാണെന്നായിരുന്നു പരിഹാസം.
സലിം കുമാറിന്റെ പ്രവചനം പോലെ നൂറ് സീറ്റിനു മുകളില്‍ നേടി കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി. മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂരില്‍ നല്‍കിയ സ്വീകരണ പരിപാടിയിലാണ് അദ്ദേഹം അവസാനമായി പൊതുവേദിയിലെത്തിയത്.