മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് കൊല്ലപ്പെട്ടത്. പുല്ല് വെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് പ്രവീണിന്റെ കഴുത്ത് അറുത്തത്. പ്രതിയെ പൊലീസ് പിടികൂടി. ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇന്ന് രാവിലെ ഏഴു മണിക്കാണ് സംഭവം. യന്ത്രം ഉപയോഗിച്ച് പുല്ലു വെട്ടുന്ന തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. ജോലിക്കിടെ കടയരികിൽ വിശ്രമിക്കുകയായിരുന്നു പ്രവീൺ . ഈ സമയമെത്തിയ മൊയ്തീൻ കുട്ടി പുല്ല് വെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രതിയുടെ ആക്രമണമെന്ന് ദൃക്സാക്ഷി പറഞ്ഞു. താൻ നോക്കി നിൽക്കെ മൊയ്തീൻ നടന്നു വന്ന് മെഷീൻ എടുത്ത് പിറകിലൂടെ ചെന്ന് പ്രവീണിന്റെ കഴുത്തിന് വെട്ടുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു. കൊല നടത്തിയ ശേഷം മെഷീൻ ഓഫാക്കാതെ എറിഞ്ഞു കളഞ്ഞതായും നാട്ടുകാരൻ പറയുന്നു.
സംഭവ ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസെത്തി പിടികൂടുകയായിരുന്നു. എന്താണ് കൊലയ്ക്ക് പിന്നിലെ കാരണമെന്ന് വ്യക്തമല്ല. മൊയ്തീൻ കുട്ടിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.