ശബരിമല: മണ്ഡലകാല പൂജകൾക്ക് ശബരിമലയിൽ തുടക്കമായി. പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി നട തുറന്നു. സന്നിധാനത്തും പമ്പയിലും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പ്രതിദിനം 80,000 പേർക്ക് ദർശന സൗകര്യമുണ്ട്. പ്രവർത്തനങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സന്നിധാനത്ത് ഉന്നതതല യോഗം ചേരുന്നുണ്ട്.
അറുപതിനായിരത്തിൽ അധികം ഭക്തരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. പുല്ലുമേട്, കരിമല പാതകളിലൂടെയും ഇന്ന് മുതൽ തീർഥാടകരെ കടത്തിവിടും പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ഇന്നുമുതൽ തിരുവാഭരണ ദർശനത്തിനും തുടക്കമായി.
അതേസമയം, നിലയ്ക്കലിലെത്തുന്ന സ്വാമിമാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സുരക്ഷാ വിന്യാസവുമായി പൊലീസ്. കെഎസ്ആർടിസി ബസുകളിൽ കയറാൻ സ്വാമിമാർ തിരക്ക് കൂട്ടുന്നത് ഉൾപ്പെടെയുള്ള അപകടസാധ്യത വിവിധ വകുപ്പുകളുടെ മേൽനോട്ടത്തിൽ പ്രത്യേകം നിയന്ത്രിക്കും. വെർച്വൽ ക്യൂ ബുക്കിങ് വഴിയുള്ള സ്വാമിമാരുടെ എണ്ണം കൂടിയതിനാൽ തിരക്ക് ഓരോ മണിക്കൂറിലും ഉയരുമെന്നാണ് വിലയിരുത്തൽ. കെഎസ്ആർടിസി ചെയിൻ സർവീസുകളുടെ എണ്ണം 90 ആയി ഉയർത്തിയിട്ടുണ്ട്.
സ്പോട്ട് ബുക്കിങ് കൗണ്ടറുകളിലെ തിരക്ക് മുൻനിർത്തി സ്വാമിമാർക്ക് വിശ്രമിക്കാനും കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യാനും പ്രത്യേക ശ്രദ്ധ വേണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ ഉദ്യോഗസ്‌ഥരോട് നിർദേശിച്ചു. ഇന്നലെ മാത്രം കെഎസ്ആർടിസിയുടെ 402 ചെയിൻ സർവീസുകളാണ് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് സ്വാമിമാർക്കായി അനുവദിച്ചത്.