

ഓണക്കാലത്ത് നമ്മുടെ മുറ്റം നിറയുന്ന പൂക്കളങ്ങള്‍ ഇനി ഡിജിറ്റല്‍ സ്ക്രീനുകളിലും നിറയും. നമുക്ക് ഇഷ്ടമുള്ള ഡിസൈന്‍, ഇഷ്ടമുള്ള പുക്കള്‍കൊണ്ട് അലങ്കരിച്ച് മനോഹരമാക്കാം. എല്ലാത്തിനും ഏതാനും മൗസ് ക്ലിക്കുകളോ, വിരല്‍ ചലനങ്ങളോ മതിയാകും. ലോകത്തിന്റെ ഏതു കോണിലിരുന്നും പൂക്കളമൊരുക്കാം. മംഗ്ലീഷ് കീബോർഡ് ആണ് വെറൈറ്റി ഓണം ആഘോഷത്തിന് വെര്‍ച്വല്‍ സ്പേസില്‍ വേദിയൊരുക്കിയിരിക്കുന്നത്. ക്യാമ്പയിന്‍ തുടങ്ങി 48 മണിക്കൂര്‍ പിന്നിടുമ്പോള്‍ മൂന്ന് ലക്ഷത്തിലധികം പൂക്കളാണ് വെര്‍ച്വല്‍ മുറ്റത്ത് അഴക് തീര്‍ത്തിരിക്കുന്നത്.
മംഗ്ലീഷ് കീബോർഡ് ആപ്പിലൂടെയോ onam.manglish.app എന്ന വെബ്സൈറ്റിലൂടെയോ ഡിജിറ്റൽ പൂക്കളം ഒരുക്കാം. വെബ്സൈറ്റിലെ ലൈവ് കൗണ്ടറിലൂടെ ഇതുവരെ ഒരുക്കിയ പൂക്കളങ്ങളുടെ എണ്ണം തത്സമയം അറിയാം. ‘Explore’ സംവിധാനത്തിലൂടെ കേരളത്തിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള മലയാളികൾ ഒരുക്കിയ പൂക്കളങ്ങളും കാണാം. ഓരോ മലയാളിക്കും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് അത്തപ്പൂക്കളം ഒരുക്കാനുള്ള അവസരമാണ് ക്യാമ്പയിൻ നൽകുന്നത്. ഇഷ്ടമുള്ള ഡിസൈൻ തിരഞ്ഞെടുക്കാനും വിവിധ പൂക്കളും നിറങ്ങളും ചേർത്ത് സ്വന്തം ഭാവനയ്ക്കനുസരിച്ച് പൂക്കളം ഒരുക്കാനും കഴിയും.
പേരും നാടും ചേർക്കാനുള്ള സൗകര്യമുള്ളതിനാൽ ഓരോ പൂക്കളവും അതിന്റെ സ്രഷ്ടാവിന്റെതായ ഒരു വ്യക്തിപരമായ അടയാളമായി മാറുന്നു. ഒരുക്കുന്ന പൂക്കളങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനുമാകും. മംഗ്ലീഷ് കീബോർഡിനെ ടാഗ് ചെയ്യാനും അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന പൂക്കളങ്ങൾ മംഗ്ലീഷ് കീബോർഡിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഫീച്ചർ ചെയ്യുന്നതിനൊപ്പം സമ്മാനങ്ങളും ലഭിക്കും.
മംഗ്ലീഷ് കീബോർഡ് ഒരു കോടി സജീവ ഉപയോക്താക്കളെന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടതിൽ നിന്നാണ് 'ഒരു കോടി പൂക്കളം' എന്ന പേര് പിറന്നത്. മലയാളവുമായി ഡിജിറ്റൽ ലോകത്ത് ബന്ധം പുലർത്തുന്ന ഒരു കോടി വ്യക്തിഗത ബന്ധങ്ങളെ, മലയാളികളുടെ ഏറെ പ്രിയപ്പെട്ട ഒരു ഓണക്കാഴ്ചയായ പൂക്കളത്തിലൂടെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം.
"സന്ദേശങ്ങളും കുറിപ്പുകളും ഡിജിറ്റൽ രൂപത്തിലേക്ക് മാറിയപ്പോൾ, ഒരു കോടിയിലധികം മലയാളികൾ അവരുടെ മാതൃഭാഷയുമായി അടുത്തുനിൽക്കാൻ മംഗ്ലീഷ് കീബോർഡിനെ തിരഞ്ഞെടുത്തത് ഞങ്ങൾക്ക് വലിയ അഭിമാനമാണ്. ആ വിശ്വാസത്തിന് ഒരു ചെറിയ നന്ദി പറയാൻ കൂടിയാണ് ഈ ഓൺലൈൻ ഓണം പരിപാടി. ഇതിലെ പൂക്കളങ്ങൾ ഞങ്ങൾ ഒരുക്കുന്നതല്ല, മലയാളികൾ ഓരോരുത്തരും ചേർന്നാണ് അവ ഒരുക്കുന്നത്" - മംഗ്ലീഷ് കീബോര്‍ഡ് സഹസ്ഥാപകനായ അര്‍ജുന്‍ പറഞ്ഞു.
2015ൽ എൻഐടി കാലിക്കട്ടിലെ നാല് വിദ്യാർഥികൾ ഒരു ഹോബി പ്രോജക്ടായി ആരംഭിച്ച മംഗ്ലീഷ് കീബോർഡ് ഇന്ന് ദശലക്ഷക്കണക്കിന് മലയാളികൾ ദൈനംദിന ആശയവിനിമയത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷകളിലും സമാനമായ ആവശ്യകതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ മംഗ്ലീഷ് കീബോർഡ് പിന്നീട് Desh Keyboard കുടുംബമായി വികസിച്ചു. നിലവിൽ പത്തിലധികം ഇന്ത്യൻ ഭാഷകൾക്ക് പിന്തുണ നൽകുന്ന Desh Keyboard കുടുംബത്തിലെ ആപ്പുകൾക്ക് ആകെ 15 കോടിയിലധികം ഡൗൺലോഡുകൾ ലഭിച്ചിട്ടുണ്ട്.