

നടി മഞ്ജു വാര്യരുടെ പരാതിയില്‍ എറണാകുളം മുൻസിഫ് കോടതി നടപടിയെടുത്തതില്‍ പ്രതികരിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. മുൻസിഫ് കോടതിക്ക് വിലക്ക് കൽപ്പിക്കാൻ കഴിയുമോ എന്നറിയില്ലെന്ന് സനല്‍ പറഞ്ഞു. മഞ്ജു വാര്യർക്കെതിരെ മാനം നഷ്ടപ്പെടുന്ന ഒന്നും പറഞ്ഞിട്ടില്ല. കോടതിയിൽ നിന്ന് ഒരു നോട്ടീസും ലഭിച്ചിട്ടില്ല. അതിനാൽ വിലക്ക് തനിക്ക് ബാധകമല്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം. മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഈ റാക്കറ്റ് തന്റെ ജീവിതവും സിനിമയും നശിപ്പിക്കുന്നു. ഈ ആവശ്യങ്ങളാണ് താൻ പറയുന്നത്. സിവില്‍ കേസ് ആയതിനാല്‍ കോടതിയില്‍ ഹാജരായി തന്റെ വാദം പറയുമെന്നും സനല്‍ പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് മഞ്ജു വാര്യർ പുറത്തു വരാതിരിക്കാൻ ചെയ്യുന്ന ഗിമ്മിക്ക് ആണ്. ക്രിമിനൽ മാനനഷ്ട കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ മഞ്ജു പൊലീസ് ഉദ്യോഗസ്ഥന് മുന്നിൽ മൊഴി നൽകേണ്ടിവരും. ഇപ്പോൾ സംഭവിച്ചിരിക്കുന്നത്, ആരോ ഒരു പേപ്പർ കൊണ്ടുവന്നു കൊടുത്തിട്ട് മഞ്ജു വാര്യർ ആണെന്ന് പറഞ്ഞ് ഒപ്പിട്ടിരിക്കുകയാണ്. മഞ്ജു വാര്യർ അറിയാതെ തനിക്കെതിരെ ഒരു കള്ളക്കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണെന്നും സനല്‍ ആരോപിച്ചു.
നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മഞ്ജു നല്‍കിയ പരാതിയിലാണ് സനല്‍ കുമാര്‍ ശശിധരന്‍, യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്കറിയ, മെറ്റ എന്നിവര്‍ക്ക് എറണാകുളം നാലാം മുൻസിഫ് കോടതി നോട്ടീസ് അയച്ചത്. അപകീർത്തികരമായ പോസ്റ്റുകള്‍ ചെയ്യുന്നതില്‍നിന്ന് സനൽ കുമാർ ശശിധരനും, ഷാജൻ സ്കറിയക്കും കോടതി വിലക്കും ഏർപ്പെടുത്തി. പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ച് മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചു. ഈമാസം 30ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഒന്നും രണ്ടും പ്രതികളായ സനല്‍ കുമാര്‍ ശശിധരനും, ഷാജന്‍ സ്കറിയയും ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഒന്നും രണ്ടും പ്രതികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച അപകീർത്തികരമായ കുറിപ്പുകളും പോസ്റ്റുകളും ഉള്‍പ്പെടുത്തിയാണ് മഞ്ജു വാര്യര്‍ മാനനഷ്ടക്കേസ് നല്‍കിയത്.