മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടി മഞ്ജു വാര്യർ. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകതയായിരുന്നുവെന്ന് മഞ്ജു വാര്യർ പ്രതികരിച്ചു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലിയെന്ന് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
വി.എസ്. അച്യുതാനന്ദൻ്റെ കാല്പാദത്തിൽ ഒരു മുറിവിൻ്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു. പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി.
വിഎസിൻ്റെ വിയോഗത്തിൽ നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, ഹരീഷ് പേരടി തുടങ്ങിയവരും അനുശോചനമറിയിച്ചു. പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി ഫേസ്ബുക്കിൽ അനുശോചനമറിയിച്ചത്. ആദരാഞ്ജലികൾ എന്ന് ഫേസ്ബുക്കിൽ കുറിച്ചാണ് പൃഥ്വിരാജും വിഎസിന് അനുശോചനമറിയിച്ചത്. കണ്ണെ, കരളേ ലാൽസലാം എന്ന് കുറിച്ചാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്.
വി.എസ്. അച്യുതാനന്ദൻ്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി മൃതദേഹം ആലപ്പുഴയില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഎസിൻ്റെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് എത്തിച്ചു. അന്ത്യാഭിവാദ്യമർപ്പിക്കാൻ ആയിരങ്ങളാണ് എകെജി സെൻ്ററിലേക്ക് എത്തിയത്. അവിടെ പൊതുദർശനം ഉണ്ടാകും. തുടര്‍ന്ന് രാത്രിയോടെ അവിടെ നിന്ന് തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക് കൊണ്ടുപോകും.
ഇന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ നിന്ന് വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. അവിടെ പൊതുദർശനം ഉണ്ടാകും. തുടര്‍ന്ന് രാത്രിയോടെ അവിടെ നിന്ന് തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക് കൊണ്ടുപോകും.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടില്‍ നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദർശനത്തിനായി മൃതദേഹം കൊണ്ടുപോകും. എല്ലാവര്‍ക്കും പൊതുദര്‍ശനത്തിന് അവസരമൊരുക്കും. ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് എത്തിച്ച് പൊതുദര്‍ശനത്തിന് അനുവദിക്കും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കുമെന്നും എം.വി. ഗോവിന്ദന്‍ അറിയിച്ചു.