കാസർഗോഡ്: മഞ്ചേശ്വരത്ത് അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അധ്യാപികയെ രണ്ട് സ്ത്രീകൾ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്കൂട്ടറിലെത്തിയ രണ്ട് പേർ ഇവരെ മർദിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് അതിക്രമമെന്നാണ് സംശയം.
കഴിഞ്ഞ ദിവസമാണ് കടമ്പാറില്‍ പെയ്ന്റിംഗ് തൊഴിലാളിയായ അജിത്തും സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ശ്വേതയുമാണ് മരിച്ചത്. കടബാധ്യതയാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.
രണ്ട് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. അടുത്തിടെ കുടുംബ പ്രശ്നത്തെ തുടർന്ന് ദമ്പതികൾ തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്ന് പരിസരവാസികൾ പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെയും ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിഷം കഴിച്ചത്. മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിങ്കളാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ശ്വേതയും അജിത്തും മൂന്ന് വയസുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി. ഒരു സ്ഥലത്തേക്ക് പോകാനുണ്ടെന്നും മകനെ അതുവരെ നോക്കണമെന്നും പറഞ്ഞാണ് മടങ്ങിയത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ ഇവരെ വൈകുന്നേരത്തോടെ വീട്ടുമുറ്റത്തു വീണു കിടക്കുന്ന നിലയിലാണ് പരിസരവാസികള്‍ കണ്ടെത്തിയത്. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടരുകയാണ്.