
സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 കാരനാണ് നിപ സ്ഥിരീകരിച്ചത്.
ഇതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാടും കുമരംപുത്തൂരും കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കുമരംപുത്തൂരില്‍ 8, 9, 10, 11, 12, 13, 14 വാര്‍ഡുകളിലും മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയിലെ 25, 26, 27, 28 വാര്‍ഡുകളുമാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്.
ഒരാഴ്ച മുമ്പാണ് പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശിയായ 58 കാരന്‍ പനി ബാധിച്ച് മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ചികിത്സ തേടിയതിനു ശേഷം പനി കുറയാതെ വന്നതോടെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നില കൂടുതല്‍ വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മരണം സംഭവിച്ചു. നിപ രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. പാലക്കാട് നാട്ടുകല്‍ സ്വദേശിനിയായ 38 കാരി നിപ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ജില്ലയിലെ 6 വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. പിന്നാലെയാണ് ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിക്കുന്നത്.
എന്നാല്‍ 38 കാരിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയല്ല രോഗം ബാധിച്ച് മരിച്ച 58കാരനെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രോഗം സ്ഥിരീകരിച്ചതോടെ സമ്പര്‍ക്കത്തിലുണ്ടായവര്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും നിര്‍ദേശമുണ്ട്. 46 പേരാണ് മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.