കണ്ണൂർ: കേരളത്തിൻ്റെ ആദ്യ ഒളിംപിക് മെഡൽ ജേതാവ് മാനുവൽ ഫ്രെഡറിക് അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് രാവിലെ 8.10നായിരുന്നു ആണ് അന്ത്യം. 1972ൽ ഒളിംപിക്സ് മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായ മാനുവൽ ഫ്രെഡറികിന് രാജ്യം ധ്യാൻചന്ദ് പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
1947 ഒക്ടോബര്‍ 20-ന് കണ്ണൂരിലെ ബര്‍ണശ്ശേരിയിലാണ് മാനുവല്‍ ജനിച്ചത്. കണ്ണൂരിലെ ബി.എം.പി. യു.പി. സകൂളിനുവേണ്ടി ഫുട്‌ബോള്‍ കളിച്ചിരുന്ന മാനുവല്‍ 12ാം വയസിലാണ് ആദ്യമായി ഹോക്കി കളിക്കാന്‍ തുടങ്ങിയത്. 15-ാം വയസില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന മാനുവലിന് സര്‍വീസസ് ക്യാമ്പില്‍ വെച്ച് ലഭിച്ച പരിശീലനമാണ് മികച്ച ഹോക്കി താരമാക്കി തീര്‍ത്തത്.
ഏഴു വര്‍ഷത്തോളം ഇന്ത്യക്കായി കളിച്ച മാനുവല്‍ 1973 ഹോളണ്ട് ലോകകപ്പിലും 1978 അര്‍ജൻ്റീന ലോകകപ്പിലും കളത്തിലിറങ്ങി. 1972ൽ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായിരുന്നു. മ്യൂണിക്കില്‍ ഇന്ത്യ മെഡല്‍ നേടിയത് മാനുവലിന്റെ ഗോള്‍ കീപ്പിങ് മികവിലൂടെയാണ്.