കണ്ണൂർ: തളിപ്പറമ്പിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിലെ കെവി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. നിരവധി കടകൾക്ക് തീപിടിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
വ്യാഴാഴ്ച വൈകീട്ടോടെയാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കളിപ്പാട്ടക്കടയിൽ നിന്നും തീ പടരുകയായിരുന്നു. മൂന്ന് കോംപ്ലക്സുകളിലായി 40ഓളം കടകളിൽ തീപടർന്നു. ഫയർഫോഴ്സെത്താൻ വൈകിയെന്ന പരാതിയും ഉയരുന്നുണ്ട്.
കടയിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ദേശീയ പാതയിൽ തിരക്കേറിയ പ്രദേശത്താണ് സംഭവം. സമീപത്തെ കടകളിലേക്ക് പടർന്നാൽ വലിയ ദുരന്തമായേക്കും. ഇനി തീ പടരാതിരാക്കാനുള്ള ശ്രമമാണ് ഫയർഫോഴ്സും നാട്ടുകാരും നടത്തുന്നത്.