നിലമ്പൂരിൽ വൻ വനം കൊള്ള; വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്തത് 200 ഏക്കർ വനഭൂമി; രേഖകൾ ന്യൂസ് മലയാളത്തിന്

നിലമ്പൂരിൽ ഭൂമിയില്ലാത്ത ഒരു ബ്രാഹ്മണ കുടുംബാംഗത്തെ ജന്മി എന്ന മട്ടിൽ കാണിച്ച് പട്ടയം നേടിയെടുത്താണ് എല്ലാ തട്ടിപ്പുകളും നടന്നത്...
നിലമ്പൂരിൽ വൻ വനം കൊള്ള; വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്തത് 200 ഏക്കർ വനഭൂമി; രേഖകൾ ന്യൂസ് മലയാളത്തിന്
Source: News Malayalam 24x7
Published on
Updated on

മലപ്പുറം: നിലമ്പൂരിൽ നടക്കുന്ന ഒരു വമ്പൻ വനഭൂമി കൊള്ളയുടെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ പുറത്തുവിടുകയാണ് ന്യൂസ് മലയാളം. വ്യാജരേഖകൾ ചമച്ച് നിലമ്പൂർ വനമേഖലയിലെ നൂറുകണക്കിന് ഏക്കർ വനഭൂമി കൊള്ളയടിച്ച് വിൽപ്പന നടത്തിയതിൻ്റെ മുഴുവൻ വിശദാംശങ്ങളും ന്യൂസ് മലയാളത്തിന് ലഭിച്ചു. നിലമ്പൂരിൽ ഭൂമിയില്ലാത്ത ഒരു ബ്രാഹ്മണ കുടുംബാംഗത്തെ ജന്മി എന്ന മട്ടിൽ കാണിച്ച് പട്ടയം നേടിയെടുത്താണ് എല്ലാ തട്ടിപ്പുകളും നടന്നത്. ഉദ്യോഗസ്ഥരും വനംവകുപ്പും ഇപ്പോഴും തുടരുന്ന ഈ കൊടും കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണ്.

കൊള്ളയുടെ രീതി...

തൃശൂർ ചേർപ്പിലെ പഴയടത്ത് മന എന്ന ബ്രാഹ്മണ കുടുംബത്തിലെ ഒരംഗത്തിന് നിലമ്പൂരിൽ നൂറുകണക്കിന് ഏക്കർ വനഭൂമി ഉണ്ടെന്ന് ആദ്യം വ്യാജരേഖ ഉണ്ടാക്കി. ശേഷം ഈ ഭൂമിയിൽ നിന്ന് പട്ടയം പതിച്ചുനൽകിയതായി അടുത്ത ഘട്ടം വ്യാജരേഖ നിർമിച്ചു. എല്ലാ തട്ടിപ്പുകളും നടന്നത് നിലമ്പൂർ താലൂക്കിലെ പുളിപ്പാടം, അകമ്പാടം, മമ്പാട് വില്ലേജുകളിലായാണ്. എന്നോ നടന്നതല്ല, ഇപ്പോഴും തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പിൻ്റെ വിശദാംശങ്ങളാണ് ന്യൂസ് മലയാളം പുറത്തുവിടുന്നത്.

സ്ഥലത്തിന് പട്ടയം ഉണ്ട്, ആധാരം ഉണ്ട്, കരമടക്കുന്നുണ്ട്. അതായത് ആധികാരിക രേഖകൾ എല്ലാം ഉണ്ട്. പക്ഷെ എല്ലാം വ്യാജമാണ്. ഭൂമാഫിയയും ഉദ്യോഗസ്ഥരും ഭരണ സംവിധാനവും ഒരുമിച്ചപ്പോൾ തട്ടിയെടുത്തത് 200 ഏക്കറിലധികം സർക്കാർ വനഭൂമിയാണ്. 1971ലെ കേരള സ്വകാര്യ വനം നിയമം - നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും പ്രകാരം പതിച്ചു കൊടുക്കുന്നതിനായി വനം വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ ഭൂമി നിയമ വിരുദ്ധമായി കൈവശപ്പെടുത്തിയാണ് ഈ തട്ടിപ്പ്.

നിലമ്പൂരിൽ വൻ വനം കൊള്ള; വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്തത് 200 ഏക്കർ വനഭൂമി; രേഖകൾ ന്യൂസ് മലയാളത്തിന്
130ഓളം പേർക്ക് ഉപയോഗിക്കാൻ ഒരു ശൗചാലയം; ദുരിതക്കയത്തിൽ ഏലൂർ പഞ്ചായത്ത്‌ കോളനിയിലെ നിവാസികൾ

തട്ടിപ്പിൻ്റെ വഴികൾ...

കോട്ടയം അതിരമ്പുഴ സ്വദേശി അന്നമ്മ കുരുവിളക്ക് 1984 മെയ് 28ന് നിലമ്പൂർ താലൂക്കിലെ പുള്ളിപ്പാടം വില്ലേജിൽ നിന്ന് അഞ്ച് ഏക്കർ ഭൂമിയുടെ പട്ടയമാണ് പതിച്ചു നൽകിയത്. അന്നമ്മ കുരുവിളക്ക് സ്ഥലം നൽകുന്ന ഭൂവുടമ അഥവാ ജന്മി കെ.സി. അനുജത്തി തമ്പുരാട്ടി, ഇവരുടെ വിലാസം പഴയടത്തു മന, ചേർപ്പ്, തൃശൂർ. എന്നാൽ, ജന്മിയായ അനുജത്തി തമ്പുരാട്ടിക്ക് നിലമ്പൂർ താലൂക്കിൽ എവിടെയും ഒരു തുണ്ട് ഭൂമിയില്ല എന്ന് തെളിയിക്കുന്നതാണ് രേഖകൾ. അതായത് ജന്മികളുടെ പേരുകളുള്ള റവന്യൂ വകുപ്പിൻ്റെ എ രജിസ്റ്ററിൽ ഇവരുടെ പേരില്ല എന്ന് പുള്ളിപ്പാടം, അകമ്പാടം, മമ്പാട് വില്ലേജ് ഓഫീസർമാർ സാക്ഷ്യപ്പെടുത്തുന്നതാണ് വിവരാവകാശ രേഖ.

ഇല്ലാത്ത ഭൂവുടമയെ ജന്മിയായി കാണിച്ച് നേടിയെടുത്ത ഒരു പട്ടയം വഴി അടിച്ചുമാറ്റിയത് സർക്കാരിൻ്റെ അഞ്ചേക്കർ ഭൂമിയാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത് ഇതേ കെ. അനുജത്തിത്തമ്പുരാട്ടിയുടെ പേരിൽ 22ലധികം പട്ടയങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഓരോന്നും ഉപയോഗിച്ച് തട്ടിച്ചെടുത്തത് 5 ഏക്കർ മുതൽ 45 ഏക്കർ വരെ വനഭൂമി. ആകെ നടന്നത്, ഏതാണ്ട്, 200 ഏക്കർ ഭൂമിയുടെ വൻ കുംഭകോണമാണ്.

2024ൽ അന്നമ്മ കുരുവിള 20.90 ലക്ഷം രൂപയ്ക്ക് അകമ്പാടം വില്ലേജിലെ ആലീസ് ബെന്നിക്ക് ഭൂമി വില്പന നടത്തിയതിൻ്റെ ജന്മ തീരാധാരമാണിത്. ഇങ്ങനെ സർക്കാർ ഭൂമി വൻ തുകയ്ക്ക് വില്പന നടത്തുന്ന ഒരു മാഫിയാ സംഘം നിലമ്പൂർ താലൂക്കിലെ മൂന്ന് വില്ലേജുകളിലായി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഈ സംഘത്തിന് കൂട്ടായി, മാറി മാറി വന്ന വില്ലേജ് ഓഫിസർമാർ, ഭൂരേഖ തഹസിൽദാർമാർ, സർവെയർമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ -- ഇവരെല്ലാം കൊള്ളയുടെ പങ്കുകാരും കയ്യാളുകളുമാണ്.

വനഭൂമിയോട് ചേർന്ന് കിടക്കുന്ന ഭൂമിയിൽ ക്രയവിക്രയം നടക്കും മുമ്പ് വാങ്ങുന്ന ഭൂമിയുടെ സ്കെച്ച്, വില്ലേജ് ഓഫീസർ സ്ഥലം പരിശോധിച്ച് തയ്യാറാക്കണം എന്നാണ് ചട്ടം. ഈ സ്കെച്ചിന് വനം വകുപ്പിൽ നിന്ന് എൻഒസിയും വാങ്ങണം. എങ്കിൽ മാത്രമേ ആധാരം രജിസ്റ്റർ ചെയ്യാൻ കഴിയൂ. ഉദ്യോഗസ്ഥ സഹായത്താൽ ഇതൊന്നും നടന്നിട്ടില്ല എന്ന് വ്യക്തം.

ഭൂമി കൈവശമുള്ളവരിൽ പലരും ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. അതുകൊണ്ടുതന്നെ പരിശോധനയും അന്വേഷണവും നടത്താൻ സർക്കാർ സംവിധാനങ്ങളും മടി കാണിക്കുകയാണ്. ഭൂമി കൈവശപ്പെടുത്തിയ പ്രമുഖരുടെ വിശദാംശങ്ങളും ന്യൂസ് മലയാളം വരും ദിവസങ്ങളിൽ പുറത്തുവിടും...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com