വനംവകുപ്പിൽ അടിമുടി ആശ്രിതനിയമനം; അനുവദീയമായതിൻ്റെ മൂന്നിരട്ടി നിയമനം, സർക്കാരിന് നഷ്ടം 350 കോടി

വനം വകുപ്പ് ആസ്ഥാനത്തെ സീനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റുമാർ ഉൾപ്പെടെ സുപ്രധാന തസ്തികളിൽ എല്ലാം ആശ്രിതനിയമനം വഴി ജോലി നേടിയവരാണ്.
വനംവകുപ്പിൽ അടിമുടി ആശ്രിതനിയമനം; അനുവദീയമായതിൻ്റെ 
മൂന്നിരട്ടി നിയമനം, സർക്കാരിന് നഷ്ടം 350 കോടി
Source: News Malayalam 24x7
Published on

സംസ്ഥാന സർവീസിലെ ക്ലറിക്കൽ തസ്തികകളിൽ അഞ്ച് ശതമാനത്തിന് മുകളിൽ ആശ്രിതനിയമനം പാടില്ലെന്നാണ് ചട്ടം. പക്ഷേ വനം വകുപ്പിൽ ആശ്രിത നിയമനം നേടിയത് അനുവദനീയമായതിൻ്റെ മൂന്നിരട്ടിയോളം പേരാണെന്ന് ന്യൂസ് മലയാളം കൊച്ചി ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാതെ തോന്നുംപടിയുള്ള സ്ഥാനക്കയറ്റങ്ങളും വനം വകുപ്പിൽ തുടരുകയാണ്. ചട്ടങ്ങൾ മറികടന്നുള്ള ആശ്രിത നിയമനത്തിലൂടെയും പ്രൊമോഷനുകളിലൂടെയും സർക്കാരിന് 350 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്കുകൾ.

അഞ്ചു ശതമാനത്തിൽ കൂടുതൽ ആശ്രിതനിയമനം പാടില്ലെന്ന വ്യവസ്ഥ അവിടെ നിൽക്കും. വനം വകുപ്പിൽ നടന്നിരിക്കുന്നത് അതിൻ്റെ മൂന്നിരട്ടിയെങ്കിലും ആശ്രിതനിയമനങ്ങളെന്ന് രേഖകളിൽ നിന്ന് വെളിവാകുന്നു. വനം വകുപ്പ് ആസ്ഥാനത്തെ സീനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റുമാർ ഉൾപ്പെടെ സുപ്രധാന തസ്തികളിൽ എല്ലാം ആശ്രിതനിയമനം വഴി ജോലി നേടിയവരാണ്.

ഇനി സ്ഥാനക്കയറ്റങ്ങൾ എങ്ങനെയെന്ന് നോക്കാം. 2010ൽ നിലവിൽ വന്ന ഫോറസ്റ്റ് സ്പെഷ്യൽ റൂൾ ഭേദഗതി പ്രകാരം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് പ്രൊമോഷൻ ലഭിക്കാൻ മൂന്ന് വകുപ്പ് തല പരീക്ഷകളും ജയിച്ച് ട്രെയിനിംഗും പൂർത്തിയാക്കണം. അങ്ങനെയാണോ നടക്കുന്നത്? അല്ല. അഞ്ച് വനം സർക്കിളുകളിലും യോഗ്യതകൾ പാലിക്കാതെ പ്രൊമോഷൻ നൽകുകയാണ്. വകുപ്പുതല പരീക്ഷകൾ വിജയിക്കാതെ,‎ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നീ തസ്തികളിൽ 1477 പേർ നിലവിൽ ജോലിയിൽ ഉണ്ടെന്നാണ് വനം വകുപ്പിന്റെ തന്നെ കണക്ക്.

വനംവകുപ്പിൽ അടിമുടി ആശ്രിതനിയമനം; അനുവദീയമായതിൻ്റെ 
മൂന്നിരട്ടി നിയമനം, സർക്കാരിന് നഷ്ടം 350 കോടി
കന്യാസ്ത്രീകൾ ജയിലിലായിട്ട് ഒമ്പതാം ദിവസം; ജാമ്യാപേക്ഷയിൽ എൻഐഎ കോടതിവിധി ഇന്ന്

ചട്ടപ്രകാരമുള്ള പരീക്ഷകൾ ജയിക്കാതെ സ്ഥാനക്കയറ്റവും ഹയർ ഗ്രേഡും ലഭിച്ച അയ്യായിരത്തിലധികം ജീവനക്കാർക്ക് കഴിഞ്ഞ 15 വർഷത്തിനിടെ ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതിനായി 350 കോടിയോളം രൂപ ചെലവാക്കി എന്നും കണക്കുകൾ പറയുന്നു. ഇതിനിടെ പരീക്ഷകളും ട്രെയിനിങ്ങും വിജയിച്ച ജീവനക്കാർ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ച് ചട്ടവിരുദ്ധ പ്രൊമോഷനുകൾ ചോദ്യം ചെയ്ത് അനുകൂല വിധി സമ്പാദിച്ചു.

ഇതോടെ അനധികൃത പ്രൊമോഷനുകളും ഖജനാവിന് ഉണ്ടായ ഈ നഷ്ടവും മൂടിവയ്ക്കാൻ ചട്ടവിരുദ്ധമായി നൽകിയ പ്രൊമോഷനുകൾ സാധുവാക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നുവെന്നാണ് ഉയരുന്ന പരാതി. 2010 മുതലുള്ള പ്രമോഷനുകൾ ക്രമപ്പെടുത്തിക്കൊണ്ട് ഉത്തരവ് ഇറക്കി കോടതിവിധി മറികടക്കാനാന് വനം വകുപ്പ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഈ നീക്കമെന്നും ആരോപണം ഉയരുന്നു. കോടതിവിധി നിലനിൽക്കെ തന്നെ 2024 നവംബർ 13 വരെയും അനധികൃതമായ സ്ഥാനകയറ്റങ്ങൾ നൽകി. എന്നാൽ നിയമസഭയിൽ ഉൾപ്പെടെ ഇതെല്ലാം നിഷേധിക്കുന്ന നിലപാട് ആയിരുന്നു വനംമന്ത്രിയുടേത്.

2010ന് മുമ്പ് സർവീസിൽ പ്രവേശിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് പ്രൊമോഷൻ യോഗ്യത ഇല്ലാതെ നൽകിയ പ്രൊമോഷനുകൾ സാധൂകരിക്കാനും 2010 ന് ശേഷം സർവീസിൽ പ്രവേശിച്ചവർക്ക് സ്പെഷ്യൽ റൂൾ ഭേദഗതിയിലെ പ്രൊമോഷൻ വ്യവസ്ഥകൾ ഏർപ്പെടുത്താനുമാണ് വനം ആസ്ഥാനത്ത് നടക്കുന്ന നീക്കം. ഇതിലൂടെ കോടതിവിധി നടപ്പിലാക്കി എന്ന് തെറ്റ് ധരിപ്പിക്കാൻ ആണ് ശ്രമം എന്നും യോഗ്യതാ പരീക്ഷകളും ട്രെയിനിംഗും പാസായ ജീവനക്കാർ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com