അസുഖ ബാധിതരായ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കും; തെരുവുനായ ശല്യം പരിഹരിക്കാന്‍ നടപടിയുമായി സര്‍ക്കാര്‍

"നിലവിലുള്ള കേന്ദ്ര ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നേ പ്രവര്‍ത്തിക്കാനാവുകയുള്ളു. അത് പ്രതിസന്ധിയാണ് തീര്‍ക്കുന്നത്"
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

സംസ്ഥാനത്തെ തെരുവുനായ ശല്യം പരിഹരിക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. അസുഖ ബാധിതരായ തെരുവു നായ്ക്കളെ ദയാവധത്തിന് വിധേയമാക്കുമെന്ന് മന്ത്രി എംബി രാജേഷ്. കേന്ദ്ര നിയമം പാലിച്ചുകൊണ്ട് തന്നെ ഇത് നടപ്പാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കുമെന്നും പൈലറ്റ് പ്രോജക്ട് തിരുവനന്തപുരം നെടുമങ്ങാട് ബ്ലോക്കില്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, നിയമ വകുപ്പ് എന്നിവയുടെ സംയുക്ത യോഗം ഇന്ന് ചേര്‍ന്നതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പ്രതീകാത്മക ചിത്രം
ഗതാഗത വകുപ്പിന് തിരിച്ചടി; ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി

'എബിസി ചട്ടങ്ങളുടെ ഇളവിന് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. അസുഖം ബാധിച്ചതോ, അസുഖം പടര്‍ത്താന്‍ സാധിക്കുന്നതുമായ നായകളെ ദയാവധത്തിന് വിധേയമാക്കും. വെറ്ററിനറി സര്‍ജന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത് നടപ്പിലാക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള കേന്ദ്ര ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നേ പ്രവര്‍ത്തിക്കാനാവുകയുള്ളു. അത് പ്രതിസന്ധിയാണ് തീര്‍ക്കുന്നത്. പോര്‍ട്ടബിള്‍ എബിസി കേന്ദ്രം ആരംഭിക്കും. 152 പോര്‍ട്ടബിള്‍ എബിസി കേന്ദ്രങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കും. ഓരോ പഞ്ചായത്തും, മുനിസിപ്പാലറ്റിയും മൊബൈല്‍ എബിസി കേന്ദ്രം പ്രവര്‍ത്തിക്കാനുള്ള സ്ഥലം കണ്ടെത്തണം. നായയെ പിടിക്കാന്‍ പഞ്ചായത്ത് ആളെ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.

ഒരു മൊബൈല്‍ എബിസി യൂണിറ്റിന് 28 ലക്ഷം രൂപയാണ് ചെലവ്. മേല്‍നോട്ടത്തിന് ജനകീയ കമ്മിറ്റി രൂപീകരിക്കണം. പ്രാദേശിക എതിര്‍പ്പുകള്‍ കാരണമാണ് എബിസി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാതെ ആയത്. എബിസി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായെന്നും മന്ത്രി പറഞ്ഞു.

തെരുവുനായ കടിക്കാനും പാടില്ല, എന്നാല്‍ എബിസി കേന്ദ്രം സ്ഥാപിക്കാനും പാടില്ല. അങ്ങനെ ഒരു നിലപാടാണ് പലര്‍ക്കും ഉള്ളത്. അതുകൊണ്ടാണ് തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചത്. മൊബൈല്‍ എബിസി യൂണിറ്റിനൊപ്പം നായയെ പാര്‍പ്പിക്കാനുള്ള സംവിധാനവും ഉണ്ട്. കേന്ദ്ര ചട്ട പ്രകാരം വന്ധ്യംകരിച്ച നായയുടെ മുറിവ് ഉണങ്ങി 6 ദിവസം വരെ അതിനെ കൂട്ടില്‍ സൂക്ഷിക്കണം. ഓരോ നായ്ക്കള്‍ക്കും മൈക്രോചിപ്പ് ഘടിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com