തൃശൂർ: പൂപ്പത്തിദേശം സ്വദേശി ശ്രീമോളുടെ ചികിത്സാ പിഴവിൽ മാള ബിലീവേഴ്സ് എൻസിഎച്ച് ആശുപത്രിയ്ക്ക് പറ്റിയത് ഗുരുതര വീഴ്ച. ചികിത്സ നൽകിയതിൽ അശ്രദ്ധപറ്റിയെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ഹൃദയ അറയിലേക്ക് തെറ്റായ ദിശയിൽ റയൽസ് ട്യൂബ് കടന്നതായി സ്ഥിരീകരണം. അതേസമയം വീഴ്ച വരുത്തിയത് ആരെന്ന് പരാമർശിക്കാതെയാണ് റിപ്പോർട്ട്. ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് കണ്ടെത്തൽ. റിപ്പോർട്ട് ലഭിച്ചിട്ടും പൊലീസ് ഇതുവരെയും തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് പരാതി.
ഇക്കഴിഞ്ഞ ജൂൺ മാസം രണ്ടാം തീയതി ഉച്ചയോടെയാണ് സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായ ശ്രീമോൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ജോലിക്കിടെ കഠിനമായ വയറുവേദനയും പുറംവേദനയും ഉണ്ടായതോടെ മാള ബിലീവേഴ്സ് എൻസിഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീമോളുടെ ചെറുകുടലിൽ സുഷിരമുണ്ടെന്നും എത്രയും പെട്ടെന്ന് ഗാസ്ട്രോ സർജന്റെ ചികിത്സ ലഭ്യമാകാൻ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് പോകണമെന്നും ഡോക്ടർ നിർദേശിച്ചു. ഇതിനിടയിൽ പ്രാഥമിക ചികിത്സ നൽകി.
എറണാകുളം ആസ്റ്ററിൽ പിന്നീട് നടത്തിയ സിടി സ്കാനിൽ റയൽസ് ട്യൂബ് കടത്തിയത് ശരിയായ രീതിയിൽ ആയിരുന്നില്ലെന്ന് കണ്ടെത്തി. പത്ത് ദിവസത്തോളം അബോധാവസ്ഥയിലായിരുന്നു യുവതി. ചികിത്സാ പിഴവിൽ ജൂൺ 16ന് പൊലീസിൽ പരാതി നൽകിയെങ്കിലും എഫ്ഐആർ ഇട്ടത് ഒരു മാസത്തിന് ശേഷമാണ്. ആശുപത്രി അധികൃതർക്കെതിരെ മൊഴി നൽകിയെങ്കിലും പ്രതി ചേർത്തില്ലെന്നും ആക്ഷേപമുണ്ടായിരുന്നു. ന്യൂസ് മലയാളം ഈ വാർത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് മെഡിക്കൽ ബോർഡ് യോഗം ചേർന്നിരിക്കുന്നത്.