

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ്. മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് തുന്നലിട്ട കാലുമായി ആശുപത്രിയിലെത്തിയ ഭരതന്നൂർ സ്വദേശി വി. മധുവിനാണ് ചികിത്സാ പിഴവ് നേരിടേണ്ടി വന്നത്.
മാർച്ച് 21 നാണ് മരത്തിൽ നിന്ന് വീണ് ഭരതന്നൂർ സ്വദേശി വി. മധു ചികിത്സ തേടുന്നത്. മെഡിക്കൽ കോളേജിൽ നിന്നും മുറിവിൽ 12 തുന്നലിട്ട് പാലോട് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇതിന് ശേഷം മുറിവ് പഴുത്തതോടെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
തുടർന്ന് നടത്തിയ എക്സറേ പരിശോധനയിലാണ് മുറിവിൽ മരകഷ്ണങ്ങൾ കണ്ടത്. തുടർന്ന് ശസ്ത്രക്രിയ നടത്തി മരകഷ്ണം പുറത്തെടുക്കുകയായിരുന്നു. 5 സെൻ്റിമീറ്റർ നീളവും 5 സെൻ്റിമീറ്റർ വീതിയും വരുന്ന മരകഷ്ണങ്ങളാണ് പുറത്തെടുത്തത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
കഴിഞ്ഞമാസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ സ്‌കാനിങ്ങിൽ 24 കാരന് ഗർഭപാത്രം കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. കഴക്കൂട്ടം നെഹ്റു ജംഗ്ഷൻ സ്വദേശി ഷിഹാസിനാണ് തെറ്റായ സ്കാനിംഗ് റിപ്പോർട്ട് നൽകിയത്. വെറൊരു വ്യക്തിയുടെ സ്കാനിങ് റിപ്പോർട്ട് ഷിഹാസിന് നൽകുകയായിരുന്നു.