മരുന്നു ക്ഷാമത്തില്‍ തര്‍ക്കിച്ച് ആരോഗ്യ മന്ത്രിയും വകുപ്പ് സെക്രട്ടറിയും; ഗുരുതര പ്രതിസന്ധിയെന്ന് മുന്‍ മന്ത്രി കെ.കെ. ശൈലജ

ആശങ്ക പങ്കുവച്ച ഡിഎംഒമാരോട് കെഎംഎസ്‌സിഎല്‍ മുന്‍ എംഡി രേണു രാജ് കയര്‍ത്തതായും റിപ്പോര്‍ട്ട്
മരുന്നു ക്ഷാമത്തില്‍ തര്‍ക്കിച്ച് ആരോഗ്യ മന്ത്രിയും വകുപ്പ് സെക്രട്ടറിയും; ഗുരുതര പ്രതിസന്ധിയെന്ന് മുന്‍ മന്ത്രി കെ.കെ. ശൈലജ
Published on: 
Updated on: 

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നുകള്‍ പോലും കിട്ടാതെ രോഗികള്‍ വലയുന്നതിനിടെ ആരോഗ്യമന്ത്രിയും വകുപ്പ് സെക്രട്ടറിയും തമ്മില്‍ തര്‍ക്കം. മരുന്നുകളുടെ കുറവുണ്ടെന്ന് ഉന്നതല യോഗത്തിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞപ്പോൾ എല്ലാം മാധ്യമ സൃഷ്ടി എന്നായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിന്റെ പ്രതികരണം. അതേസമയം, 28 അവശ്യ മരുന്നുകളുടെ കുറവുണ്ടെന്ന് കെഎംഎസ്‌സിഎല്‍ എംഡി യോഗത്തില്‍ വിശദീകരിച്ചു.

സംസ്ഥാനത്ത് മരുന്നു ക്ഷാമം ഇല്ലെന്ന് മാധ്യമങ്ങളോട് ആവര്‍ത്തിക്കുന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ ഉന്നത തല യോഗത്തില്‍ സത്യം മറച്ചുവച്ചില്ല. 28 തരം മരുന്നുകളുടെ കുറവ് ആശുപത്രികളിലുണ്ട്. ഇല്ലാത്ത മരുന്നുകൾക്ക് അടിയന്തരമായി ടെൻഡർ വിളിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ മരുന്നു ക്ഷാമം എന്നത് മാധ്യമസൃഷ്ടി മാത്രമെന്നായിരുന്നു ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിന്റെ നിലപാട്. ഉടന്‍ ടെന്‍ഡര്‍ വിളിക്കേണ്ട ആവശ്യമില്ല. അടുത്തയാഴ്ച കെഎംഎസ്‌സിഎല്‍ ബോര്‍ഡ് യോഗം കൂടാമെന്നും പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു. മരുന്ന് വാങ്ങുന്നത് വൈകുന്നതിലും, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിലപാടിലും ആരോഗ്യ മന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്.

കെഎംഎസ്‌സിഎല്ലില്‍ മരുന്നില്ലാത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ആശങ്ക പങ്കുവച്ചു. ആശുപത്രികളില്‍ സ്റ്റോക്ക് കഴിയാറായി. കെഎംഎസ്‌സിഎല്‍ ജില്ലാ വെയർ ഹൗസുകളിൽ മരുന്ന് സ്റ്റോക്ക് ഇല്ല. വരും ദിവസങ്ങളിൽ പ്രതിസന്ധി ഗുരുതരമാകുമെന്നും ഡിഎംഒമാര്‍ മുന്നറിയിപ്പ് നല്‍കി. ആശങ്ക പങ്കുവച്ച ഡിഎംഒമാരോട് കെഎംഎസ്‌സിഎല്‍ മുന്‍ എംഡി രേണു രാജ് കയര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. "വെയർ ഹൗസിലെ സ്റ്റോക്ക് നോക്കേണ്ട. ആളുകൾ വാങ്ങുന്നത് ആശുപത്രിയിൽ നിന്നല്ലേ. അക്കാര്യം മാത്രം യോഗത്തിൽ പറഞ്ഞാല്‍ മതി" എന്നായിരുന്നു രേണു രാജിന്റെ പ്രതികരണം. ഇതിനിടെ കെഎംഎസ്‌സിഎൽ മാനേജിങ് ഡയറക്ടറുടെ ചുമതല ജനറൽ മാനേജർക്ക് നൽകി സർക്കാർ ഉത്തരവിറക്കി. ഐഎഎസ് ഉദ്യോഗസ്ഥർ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാകാത്തതോടെയാണ് ജനറൽ മാനേജർക്ക് അധിക ചുമതല നൽകിയത്.

മരുന്നു ക്ഷാമത്തില്‍ തര്‍ക്കിച്ച് ആരോഗ്യ മന്ത്രിയും വകുപ്പ് സെക്രട്ടറിയും; ഗുരുതര പ്രതിസന്ധിയെന്ന് മുന്‍ മന്ത്രി കെ.കെ. ശൈലജ
"അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടേണ്ട"; ഡിസിപിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍

അതേസമയം, സംസ്ഥാനത്ത് ആരോഗ്യമേഖല നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയാണെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണ്. മരുന്നുകൾക്ക് വലിയതോതിൽ വിലക്കയറ്റവുമുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ല. പൊതുജനാരോഗ്യ മേഖലയുടെ മികവ് നിലനിർത്തണമെങ്കിൽ തുടർച്ചയായി ഇടപെട്ടു കൊണ്ടേയിരിക്കണം. കെഎംഎസ്‌സിഎല്‍ തലപ്പത്ത് കഴിവുറ്റ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കണം. എന്നാൽ മാത്രമേ മരുന്ന് സംഭരണം കാര്യക്ഷമമായി നടക്കൂ. സർക്കാർ ഒഴിവ് കഴിവൊന്നും പറഞ്ഞാൽ പോരാ അടിയന്തരമായി ഇടപെടണം. ആരോഗ്യമേഖല വെന്റിലേറ്ററില്‍ ആണെന്ന് പറയാനൊക്കെ എളുപ്പമാണ്, ചെയ്തു കാണിക്കാനാണ് പ്രയാസമെന്നും ശൈലജ പറഞ്ഞു.

മരുന്ന് പ്രതിസന്ധി തുടരുന്നതിനിടെ ഡിഎച്ച്എസ് ഓഫീസിലേക്ക് കേരള കോൺഗ്രസ് എം പ്രതിഷേധവുമായി എത്തി. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ വി. മീനാക്ഷിയെ പ്രവർത്തകർ ഉപരോധിച്ചു.

Related Stories

രോഗബാധിതരുടെ കണക്കുകള്‍ പൂഴ്ത്തിവയ്ക്കാന്‍ ആരോഗ്യ വകുപ്പ് ശ്രമിച്ചോ? മേധാവിയില്ലാതെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍
മരുന്നു ക്ഷാമം രൂക്ഷമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം; സർക്കാർ പരാജയത്തിന്റെ ഔദ്യോഗിക കുറ്റസമ്മതമെന്ന് പിണറായി വിജയന്‍
മരുന്നു ക്ഷാമത്തിന് ശാശ്വത പരിഹാരം തേടി ആരോഗ്യ വകുപ്പ്; അടുത്ത വർഷത്തേക്കുള്ള പർച്ചേസ് നടപടികൾ ഒക്ടോബറിൽ തുടങ്ങും
Incident of doctor behaving rudely towards patient in Kottarakkara
News Malayalam 24x7
newsmalayalam.com