മരുന്നു ക്ഷാമത്തിന് ശാശ്വത പരിഹാരം തേടി ആരോഗ്യ വകുപ്പ്; അടുത്ത വർഷത്തേക്കുള്ള പർച്ചേസ് നടപടികൾ ഒക്ടോബറിൽ തുടങ്ങും

സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ക്ഷാമമുണ്ടെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം
മരുന്നു ക്ഷാമത്തിന് ശാശ്വത പരിഹാരം തേടി ആരോഗ്യ വകുപ്പ്; അടുത്ത വർഷത്തേക്കുള്ള പർച്ചേസ് നടപടികൾ ഒക്ടോബറിൽ തുടങ്ങും
Published on: 
Updated on: 

സംസ്ഥാനത്തെ മരുന്നു ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ നടപടിയുമായി ആരോഗ്യവകുപ്പ്. അടുത്ത വർഷത്തേക്കുള്ള മരുന്ന് പർച്ചേസ് നടപടികൾ ഒക്ടോബറിൽ ആരംഭിക്കും. നടപടികൾ ഡിസംബറിൽ പൂർത്തീകരിച്ച് ഫെബ്രുവരിയോടെ മരുന്ന് ലഭ്യമാക്കാനാണ് തീരുമാനം. നിലവിൽ നൽകിയ ടെൻഡർ പ്രകാരമുള്ള മരുന്നുകൾ മാർച്ചോടെ തീരുന്നതിനാലാണ് നടപടി. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ മരുന്ന് ക്ഷാമമുണ്ടെന്ന മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി ഇന്ന് വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം.

മരുന്ന് സംഭരണ നടപടികൾ സുതാര്യമാക്കാനും ജനങ്ങൾക്ക് നിലവാരമുള്ള ബ്രാൻഡഡ് മരുന്നുകൾ ലഭ്യമാക്കാനുമാണ് നീക്കം. ടെണ്ടറിൽ ഇടനിലക്കാരെ പൂർണമായി ഒഴിവാക്കി കൊണ്ട് കമ്പനികളെ നേരിട്ട് പങ്കെടുപ്പിക്കും. ഇറക്കുമതി മരുന്നുകളാണെങ്കിൽ നേരിട്ടുള്ള ഏജൻസികൾക്കും ടെണ്ടറിൽ പങ്കെടുക്കാം.

കുറഞ്ഞത് രണ്ട് സംസ്ഥാനങ്ങളിലെങ്കിലും സർക്കാർമേഖലയിൽ വിതരണം ചെയ്യുന്ന മരുന്നുകൾ മാത്രമേ കേരളത്തിനും ലഭ്യമാക്കാവൂ. ഈ വർഷം ഫെബ്രുവരിയിൽ പർച്ചേസ് ഓർഡർ നൽകിയ കമ്പനികൾ പലതും കെഎംഎസ്‌സിഎല്ലിന് മാത്രമായി പ്രത്യേകം മരുന്ന് നിർമിച്ചു നൽകുന്നവയാണെന്ന് കണ്ടെത്തി. സംസ്ഥാനത്ത് ഏറ്റവും വിലകുറച്ച് ബ്രാൻഡഡ് മരുന്ന് ലഭ്യമാക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻഹൗസ് ഡ്രഗ് ബാങ്ക് പർച്ചേസ് ചെയ്യുന്നതിനേക്കാൾ കുറഞ്ഞ വിലയിലായിരിക്കണം കെഎംഎസ്‌സിഎൽ മരുന്ന് സംഭരിക്കേണ്ടത്. ഓരോ വർഷവും മരുന്നുകൾ വാങ്ങുന്ന വില വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇടനിലക്കാരെ കെഎംഎസ്‌സിഎല്ലിൽ പ്രവേശിപ്പിക്കുകയോ ഇവരിൽ നിന്ന് പാരിതോഷികം വാങ്ങുകയോ ചെയ്യരുത്. കെഎംഎസ്‌സിഎല്ലിന് വിതരണം ചെയ്യുന്ന മരുന്നിന്റെ ഏതെങ്കിലും ബാച്ച് നിലവാരമില്ലെന്ന് കണ്ടെത്തിയാൽ ആ കമ്പനിയെ സ്ഥിരമായി കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. വളരെ ഉയർന്നനിരക്കിലാണ് കെഎംഎസ്‌സിഎൽ നിലവിൽ മരുന്ന് സംഭരിച്ചുകൊണ്ടിരിക്കുന്നത്.

മരുന്നു ക്ഷാമത്തിന് ശാശ്വത പരിഹാരം തേടി ആരോഗ്യ വകുപ്പ്; അടുത്ത വർഷത്തേക്കുള്ള പർച്ചേസ് നടപടികൾ ഒക്ടോബറിൽ തുടങ്ങും
എസ്ഐആര്‍ ഫോം സിക്സില്‍ മാറ്റമുണ്ടാകില്ല; വിയോജിപ്പുകള്‍ ചര്‍ച്ചയാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം

നിലവിൽ പനിക്കുള്ളതും ആന്റിബയോട്ടിക്കുകളും ഉൾപ്പെടെ അവശ്യമരുന്നുകൾ ആശുപത്രികളിൽ സ്റ്റോക്കുണ്ടെന്ന് കെഎംഎസ്‌സിഎൽ ജനറൽ മാനേജർ കണക്കുകൾ സഹിതം വിശദീകരിച്ചു. ഈ ആഴ്ചയോടെ നിലവിൽ പർച്ചേസ് ഓർഡർ നൽകിയ മരുന്നുകൾ എത്തുമെന്നും ജനറൽ മാനേജർ വ്യക്തമാക്കി. ജനങ്ങൾക്ക് നിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള സമഗ്രമായ പൊളിച്ചെഴുത്താണ് കെഎംഎസ്‌സിഎല്ലിൽ നടക്കുന്നതെന്നും അതിന്റെ മാറ്റം വരും നാളുകളിൽ പ്രകടമാകുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com