

കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്രസംഭാവനയ്ക്കാണ് അദ്ദേഹത്തെ അവാർഡ് നൽകി ആദരിക്കുന്നത്. അഞ്ച് ലക്ഷം രൂപയും, പ്രശസ്തി പത്രവും, ഫലകവും സമ്മാനിക്കും. മലയാള ഭാഷയ്ക്ക് നവഭാവുകത്വം നൽകിയ എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ ആദ്യനോവലാണ് സൂര്യവംശം.
സാമ്പ്രദായിക എഴുത്തുരീതികളിൽ നിന്ന് മാറി നടന്ന്, തൻ്റേതായ വേറിട്ട ആഖ്യാനശൈലിയിലൂടെ മലയാളത്തിൽ കവിത, നോവൽ, ചെറുകഥ, പ്രബന്ധം തുടങ്ങിയ മേഖലകളിൽ അദ്ദേഹം തനത് മുദ്ര പതിപ്പിച്ചിട്ടുണ്ട്. സാഹിത്യലോകത്ത് "എഴുത്തുകാരുടെ എഴുത്തുകാരൻ" എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ബ്രാ, ഹിച്ച്കോക്കിന്റെ ഇടപെടൽ എന്നിവയാണ് മറ്റ് നോവലുകൾ. പെൻഗ്വിൻ, സൂര്യമത്സ്യത്തെ വിവരിക്കൽ എന്നിവ കവിതകളാണ്. രോമം, ദൈവം, മനുഷ്യൻ, യന്ത്രം എന്നിവയാണ് പ്രബന്ധങ്ങൾ.
2014-ൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് കേരള സാഹിത്യ അക്കാദമി അദ്ദേഹത്തെ തിരഞ്ഞെടുത്തുവെങ്കിലും, അക്കാദമികളോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം അവാർഡ് നിരസിക്കുകയാണുണ്ടായത്. സാധാരണ സാഹിത്യ ഭാവനകൾക്കപ്പുറം ശാസ്ത്രം, എ ഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ, പ്രാണികളുടെ പെരുമാറ്റശാസ്ത്രം തുടങ്ങിയവയെ അദ്ദേഹം സാഹിത്യവുമായി ബന്ധിപ്പിച്ചിരുന്നു. മേതിൽ രാധാകൃഷ്ണൻ ഈ കാലത്തിൻ്റെ മാത്രമല്ല വരും കാലത്തിന്റെ കൂടി എഴുത്തുകാരനാണെന്ന് സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.