തോളില്‍ തട്ടി വിഎസ് ചോദിച്ചു അനുകരിച്ചാല്‍ എന്തുകിട്ടും, എനിക്ക് അപ്പോള്‍ അത്ര വിലയേ ഉള്ളൂ?; ഓര്‍മ പങ്കുവെച്ച് മനോജ് ഗിന്നസ്

''ഇഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട വിഎസിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍''
തോളില്‍ തട്ടി വിഎസ് ചോദിച്ചു അനുകരിച്ചാല്‍ എന്തുകിട്ടും, എനിക്ക് അപ്പോള്‍ അത്ര വിലയേ ഉള്ളൂ?; ഓര്‍മ പങ്കുവെച്ച് മനോജ് ഗിന്നസ്
Published on

അനുകരണ കലാകാരന്മാര്‍ ഏറ്റവും കൂടുതല്‍ അനുകരിച്ച രാഷ്ട്രീയക്കാരിലൊരാള്‍ വിഎസ് ആണെന്നത് തീര്‍ച്ച. അതില്‍ രൂപം കൊണ്ടും ശബ്ദസാദൃശ്യം കൊണ്ടും വിഎസിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നായിരുന്നു മനോജ് ഗിന്നസിന്റെ അനുകരണങ്ങള്‍. വിഎസിന് അനുശോചനം അറിയിച്ച് മനോജ് ഗിന്നസ് പങ്കുവെച്ച കുറിപ്പില്‍ വിഎസ് തന്റെ അനുകരണത്തെക്കുറിച്ച് പറഞ്ഞ വാക്കുകളും മനോജ് ഗിന്നസ് ഓര്‍ത്തെടുക്കുന്നു.

സിനിമാലയില്‍ ആണ് ആദ്യമായി വിഎസിന്റെ രൂപ സാദൃശ്യം താന്‍ അവതരിപ്പിക്കുന്നതെന്നും ഒരിക്കല്‍ അദ്ദേഹത്തെ നേരിട്ടു കാണുവാനും സംസാരിക്കാനും സാധിച്ചെന്നും അന്ന് അദ്ദേഹം തന്റെ തോളില്‍ തട്ടിക്കൊണ്ട് അനുകരണത്തെക്കുറിച്ച് ഓര്‍ത്ത് സംസാരിച്ചുവെന്നും മനോജ് ഗിന്നസ് പറയുന്നു.

തന്നെ അനുകരിക്കുന്നതില്‍ മനോജിനെയാണ് ഏറ്റവും ഇഷ്ടമെന്നും തന്നെ അനുകരിച്ചാല്‍ എന്തു കിട്ടുമെന്നും വിഎസ് മനോജ് ഗിന്നസിനോ് ചോദിച്ചു. 2500 രൂപയെന്ന് പറഞ്ഞപ്പോള്‍ അത്രയേ എനിക്ക് വിലയുള്ളോ എന്ന് വിഎസ് ചോദിച്ചെന്നും മനോജ് ഗിന്നസ് പറയുന്നു.

'പ്രിയ സഖാവിനു വിട. ഏഷ്യാനെറ്റ് സിനിമാലയില്‍ ആദ്യമായി സഖാവിന്റെ രൂപ സാദൃശ്യം ഞാന്‍ അവതരിപ്പിച്ചു. ലോക മലയാളികള്‍ അതേറ്റുവാങ്ങി... ഒരിക്കല്‍ സഖാവിനെ നേരിട്ട് കാണുവാനും സാധിച്ചു. അന്നെന്റെ തോളില്‍ തട്ടി കൊണ്ട് പറഞ്ഞു 'എന്നെ അനുകരിക്കുനതില്‍ താങ്കളെ ആണ് എനിക്കേറെ ഇഷ്ടം' എന്ന്. അഭിമാനം തോന്നിയ നിമിഷമായിരുന്നു എനിക്ക്. പിന്നീട് ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു. 'എന്നെ അനുകരിക്കുന്നതില്‍ താങ്കള്‍ക്ക് എന്തു കിട്ടുമെന്ന്. ഞാന്‍ പറഞ്ഞു 2500 രൂപ കിട്ടുമെന്ന്. 'അപ്പോള്‍ എനിക്കത്രയേ വിലയൊള്ളോ' എന്ന് പറഞ്ഞു ചിരിച്ചു,' മനോജ് ഗിന്നസ് കുറിച്ചു.

''ഇഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട വിഎസിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍,'' എന്നും മനോജ് ഗിന്നസ് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. ജൂണ്‍ 23ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം സ്വന്തം നാടായ ആലപ്പുഴയിലേക്ക് വിലാപയാത്രയായി എത്തുകയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതികായനായ വിഎസിന് രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലുള്ളവര്‍ അന്താഞ്ജലി അര്‍പ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com