തിരുവനന്തപുരം: എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് എൻസിപി കേരള ഘടകം നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രൻ. വിമാന ദുരന്തം ഞെട്ടിക്കുന്നതാണ്. അജിത് പവാറുമായി സഹോദര തുല്യമായ ബന്ധമാണ് തനിക്ക്. സഹോദരനെ നഷ്ടപ്പെട്ട വേദനയാണ് ഉള്ളതെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. വിയോഗത്തിൽ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും എ.കെ ശശീന്ദ്രൻ.
"മഹാരാഷ്ട്രയിലെ കരുത്തനായ നേതാവായിരുന്നു. കഴിഞ്ഞ 20 വർഷമായി ഒരുമിച്ച് പ്രവർത്തിച്ചു വരുകയായിരുന്നു. രാഷ്ട്രീയ വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും നല്ല ബന്ധം പുലർത്തി. അഭ്യൂഹങ്ങൾ പലതും പരക്കുന്നുണ്ടെങ്കിലും അതൊന്നും രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അതെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാൻ ഉണ്ടെന്ന് തന്നെയാണ് കരുതുന്നത്. എൻസിപി കേരള ഘടകത്തിന്റെ അനുശോചനം അറിയിക്കുന്നു. അജിത് പവാറിൻ്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ മാറ്റങ്ങൾക്ക് വഴിവയ്ക്കും", എ.കെ ശശീന്ദ്രൻ.
ഇന്ന് രാവിലെ 8.45 ഓടെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും സംഘവും സഞ്ചരിച്ച സ്വകാര്യ വിമാനം ബാരാമതി വിമാനത്താവളത്തില്‍ തകര്‍ന്നു വീണത്. ലാന്‍ഡിങ്ങിനിടയില്‍ റണ്‍വേയുടെ വശത്തേക്ക് തെന്നിമാറിയാണ് അപകടമുണ്ടായത്. ബാരാമതിയില്‍ നിര്‍ണായകമായ നാല് യോഗങ്ങളില്‍ പങ്കെടുക്കാനായുള്ള യാത്രയായിരുന്നു. അജിത് പവാറിനെ കൂടാതെ പൈലറ്റ് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടു. ലിയര്‍ ജെറ്റ് 45 ആണ് അപകടത്തില്‍പെട്ടത്. സംഭവത്തെ കുറിച്ച് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അപകടത്തിനു പിന്നാലെ വിമാനം രണ്ടായി പിളര്‍ന്ന് കത്തിയമര്‍ന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വിമാനം പൂർണമായി കത്തിയമർന്ന നിലയിലാണ്. അജിത് പവാറിനു പുറമെ, അദ്ദേഹത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥനും അറ്റൻഡറും രണ്ട് പൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്.