"ആരോഗ്യപ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കരുത്"; നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് മന്ത്രി കെ. മുരളീധരൻ

"സ്ഥലത്ത് ക്യാംപ് ചെയ്യാതിരുന്നത് രോഗം പടർന്ന് പിടിക്കാത്തത് കൊണ്ടാണ്"
മന്ത്രി കെ. മുരളീധരൻ
മന്ത്രി കെ. മുരളീധരൻSource: News Malayalam 24x7
Published on
Updated on

കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിപ ഈ നിമിഷം വരെ അപകടകാരിയല്ല. സ്ഥലത്ത് ക്യാംപ് ചെയ്യാതിരുന്നത് രോഗം പടർന്ന് പിടിക്കാത്തത് കൊണ്ടാണ്. ഏകോപനത്തിന് തിരുവനന്തപുരമാണ് നല്ലത്. പ്രതിപക്ഷം രാഷ്ടീയമായി വേട്ടയാടുന്നു. ആത്മാർഥമായി ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കരുത്. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാൻ നോക്കരുതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

നിപ രോഗിക്ക് വിദേശത്ത് നിന്നെത്തിയ മരുന്ന് നൽകിയെന്നും ആരോഗ്യനിലയിൽ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു. നിപ രോഗബാധിതൻ ഇപ്പോഴും വെന്റിലേറ്ററിലാണ്. ആന്റിബോഡി ആദ്യ ഡോസ് 12ന് നൽകിയിരുന്നു. ഇല്ലാതിരുന്ന മരുന്ന് ബഹറെയ്നിൽ നിന്നും എത്തിച്ചു. ആദ്യ ഡോസ് ഇന്ന് രാവിലെ നൽകി. പുതിയ കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 30 ടെസ്റ്റുകൾ നടത്തിയതിൽ 29ഉം നെഗറ്റീവാണ്. രാമനാട്ടുകര ഡിവിഷൻ അഞ്ചിലെ 320 വീടുകളിൽ രോഗലക്ഷണം അറിയാൻ സർവേ നടത്തി. ആർക്കും രോഗലക്ഷണം ഇല്ല, നിപ ഈ നിമിഷം വരെ അപകടകാരി അല്ലെന്നും മുരളീധരൻ പ്രതികരിച്ചു.

മന്ത്രി കെ. മുരളീധരൻ
"വിസിമാർക്ക് ഉണ്ടായത് ഗുരുതര വീഴ്ച, മാപ്പ് പറയണം"; വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

നിപ സ്ഥിരീകരണത്തിലെ ആശയക്കുഴപ്പത്തിൽ മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീനയെ പഴിച്ച് ആരോഗ്യമന്ത്രി. തൊരപ്പൻ പണി കാണിച്ചതിനാലാണ് ആരോഗ്യവകുപ്പ് ഡയറക്ടറെ നീക്കിയത്. ഒരു മണിക്ക് നിപ ഫലം കിട്ടിയിട്ടും ഡയറക്ടർ മറച്ചുവച്ചു. ഇക്കാര്യത്തിൽ കോഴിക്കോട് ജില്ലാ കലക്ടർക്ക് വീഴ്ചയില്ല. സഹകരിക്കാത്തവരെ സർക്കാരിന് ആവശ്യമില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

ഈ വർഷം സംസ്ഥാനത്ത് 135 ഷിഗെല്ല കേസുകൾ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ഷിഗെല്ല ഏറ്റവും കൂടുതൽ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്. 68 പേർക്ക് സ്ഥിരീകരിച്ചു. രണ്ട് മരണം സംഭവിച്ചതും കോഴിക്കോട് ജില്ലയിലാണ്. നാല് കുട്ടികൾ ഐസിയുവിൽ തുടരുകയാണ്. രണ്ട് കുട്ടികളുടെ നില ഗുരുതരമെന്നും മന്ത്രി പ്രതികരിച്ചു.

ആരോഗ്യ മന്ത്രി കോഴിക്കോടെത്തി നിപ പ്രതിരോധ പ്രവർത്തനങ്ങൾ എകോപിപ്പിച്ചില്ല എന്ന പ്രതിപക്ഷ ആരോപണത്തിൽ 2018ൽ രോഗം പടർന്നുപിടിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ വ്യാപിച്ചിട്ടില്ല, കൂടുതൽ കേസുകൾ ഉണ്ടായെങ്കിൽ ഇവിടെ എത്തിയേനെ. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് സൗകര്യമെന്നും മന്ത്രി പ്രതികരിച്ചു.

News Malayalam 24x7
newsmalayalam.com