

കണ്ണൂർ: ആറളം ഫാമിലെ വന്യജീവി പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാകുമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ മന്ത്രി കെ.എ. തുളസി . അടിയന്തരമായി ഫാം സന്ദർശിക്കും . വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പടി പടിയായി പ്രശ്നങ്ങൾ പഠിക്കും. ശ്വാശ്വത പരിഹാരം കാണും. ആറളം ഫാമിലെ പ്രശ്നങ്ങൾ അടിയന്തര ശ്രദ്ധ വേണ്ട വിഷയങ്ങളാണെന്നും അവർ പറഞ്ഞു.
വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമുണ്ട്. അതിന് വേണ്ടി പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പിൻ്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകും. അതിൽ കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.
2004ൽ പതിച്ചു നൽകിയ പുനരധിവാസ മേഖലയിലെ ഭൂമിയിൽ സ്വൈര്യജീവിതം നയിക്കാനുള്ള അവകാശം ഉറപ്പ് നൽകാൻ സർക്കാരുകൾക്ക് കഴിയുന്നില്ല എന്നതാണ് ഇപ്പോഴും ആറളത്തെ പ്രധാന പ്രശ്നം. കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയാൻ സാധിക്കാത്തതാണ് കാരണം. പാതി വഴിയിൽ ഇഴയുന്ന ആനമതിൽ നിർമാണം ഇനിയെങ്കിലും പൂർത്തിയാക്കുക മാത്രമാണ് പരിഹാരം. ഒപ്പം സോളാർ - വൈദ്യുത ഫെൻസിങ്ങുകൾ കാര്യക്ഷമമാക്കുകയും വേണം.
സാമൂഹ്യമായി ഉന്നത നിലവാരത്തിലേക്ക് ഈ മനുഷ്യരെ ഉയർത്താനുള്ള പദ്ധതികൾ ഇനിയും വൈകാൻ പാടില്ല. പുനരധിവാസ മേഖലയിലുള്ളവരുടെ പ്രധാന വരുമാന മാർഗമാകേണ്ടത് ആറളം ഫാം ആണ്. 3500 ഏക്കർ വീസ്തൃതിയുള്ള ഭൂമിയിൽ പൂർണമായി കൃഷി നടത്തിയാൽ തന്നെ തൊഴിൽ അവസരങ്ങൾ ഉണ്ടാകും. ശാസ്ത്രീയ രീതിയിൽ കൃഷി നടത്തുന്നതോടെ ഫാമിൻ്റെ വരുമാനവും വർധിക്കും.
വന്യമൃഗശല്യത്തിൽ വിളകൾ നശിച്ചതിൻ്റെ നഷ്ടപരിഹാരം 19 കോടി രൂപ ഇപ്പോഴും ഫാമിന് കിട്ടാനുണ്ട്. ഫണ്ടുകൾ നിരവധി അനുവദിക്കുന്നെങ്കിലും ഇതൊന്നും അന്തിമമായി ലക്ഷ്യം കാണുന്നില്ല. വിദ്യാഭ്യാസം, പൊതുവിതരണം, ആരോഗ്യം, സാംസ്കാരികം തുടങ്ങി നിരവധി വകുപ്പുകൾക്ക് വേണ്ടി നിർമിച്ചവയെങ്കിലും വകുപ്പുകൾ ഏറ്റെടുക്കാതായതോടെ എല്ലാം കാട് മൂടി. പ്ലസ് ടുവിന് ശേഷം തൊഴിൽ അധിഷ്ഠിത പഠനത്തിന് സൗകര്യം ഒരുക്കണമെന്നതും പ്രധാന ആവശ്യമാണ്.