

കോഴിക്കോട്: സ്വകാര്യ കാർ ഉപയോഗത്തെ ന്യായീകരിച്ച് മന്ത്രി കെ.എം. ഷാജി. സിപിഐഎം സൈബർ വിങ്ങാണ് വിവാദം ഉണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
താൻ ആഡംബര വാഹനത്തിനൊപ്പം നിൽക്കുന്ന ഫോട്ടോ എഐ നിർമിതമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി ഉപയോഗിക്കുന്ന വാഹനം ഔദ്യോഗികമാവണം എന്ന് പോലുമില്ല എന്നാണ് നിയമം. കൊടിവെക്കണം എന്ന് മാത്രമാണ് പറയുന്നത്.
സ്വകാര്യ വാഹനങ്ങൾ സർക്കാർ കാര്യങ്ങൾക്ക് ഉപയോഗിക്കാം. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനമെന്നും കെ.എം. ഷാജി പറഞ്ഞു. കാർ ഉപയോഗത്തിൽ ഒരു നിയമപ്രശ്‌നവും ഇല്ല. അതിൽ ധാർമികതയുടെ പ്രശ്നമാണ് ഉള്ളത്.
റേഞ്ച് റോവർ വാഹനത്തിന് മുന്നിൽ നിൽക്കുന്ന ഫോട്ടോ വ്യാജമാണ്. റിപ്പോർട്ടർ ടിവിക്കെതിരെയും കെ.എം. ഷാജി ആഞ്ഞടിച്ചു. കള്ളൻ മാധ്യമസ്ഥാപനത്തിൽ കയറിയിരുന്നാൽ എന്ത് വിളിക്കണമെന്ന് മന്ത്രി ചോദിച്ചു. പ്രതിപക്ഷം തങ്ങളുടെ ധർമ്മം നിർവഹിക്കാതെ റിപ്പോർട്ടർ ചാനലിനെ ആ ദൗത്യം ഏൽപ്പിച്ചിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
വിദേശയാത്രയെ കുറിച്ചും മന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരണം നൽകി. വേൾഡ് മലയാളി ഫോറത്തിൻ്റെ ക്ഷണം അനുസരിച്ചുള്ള സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.