
ഓണത്തിനാവശ്യമായ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പി. പ്രസാദ്. തേങ്ങയ്ക്ക് വില കൂടണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. എന്നാലെ കർഷകർക്ക് അതിൻ്റെ ഉപയോഗം കിട്ടൂ. പക്ഷേ കാർഷിക മേഖലയിൽ വില നിശ്ചയിക്കുന്നത് വിപണിയാണ്. കേര ഫെഡിലൂടെ എങ്ങനെ വെളിച്ചെണ്ണയ്ക്ക് വില കുറച്ച് നൽകാം എന്ന് പരിശോധിക്കുന്നുണ്ട്.
എല്ലായിടങ്ങളിലും പ്രശ്നമുണ്ട്. ഈ വർഷം സെപ്റ്റംബർ വരെ വില വർധന നിലനിൽക്കാം. പഠന റിപ്പോർട്ടുകളിൽ നിന്ന് അതാണ് മനസിലാകുന്നതെന്നും പി. പ്രസാദ് പറഞ്ഞു. മായം ചേർത്ത വെളിച്ചെണ്ണ വിപണിയിൽ എത്താതിരിക്കാനുളള നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കർഷകർക്ക് വേഗത്തിൽ തുക കൈമാറാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മെയ് വരെയുള്ള തുക നൽകി കഴിഞ്ഞെന്നും മന്ത്രി കൂട്ടിചേർത്തു.
അതേസമയം, വെളിച്ചെണ്ണയ്ക്ക് വില കുതിച്ചുയര്‍ന്നതോടെ പാചകത്തിന് ഇതര എണ്ണകള്‍ ഉപയോഗിക്കേണ്ട അവസ്ഥയിലാണ് കുടുംബങ്ങള്‍. വില വര്‍ധന ഹോട്ടലുകളെയും, ബേക്കറി കടകളെയും പ്രതിസന്ധിയിലാക്കി. കേര വെളിച്ചെണ്ണയ്ക്ക് 520 രൂപയും മറ്റ് കമ്പനികളുടേതിന് 420 രൂപയും കടന്നു. വില കൂടിയതോടെ മലയാളിയുടെ അടുക്കളയില്‍ നിന്നും വെളിച്ചെണ്ണ അകന്ന് തുടങ്ങിയിരിക്കുന്നു. കുറച്ച് കാലം മുന്‍പ് വരെ പപ്പടം കാച്ചാനും, കടുക് വറക്കാനും, കറികള്‍ക്കുമെല്ലാം യഥേഷ്ടം ഉപയോഗിച്ചിരുന്ന വെളിച്ചെണ്ണ ഇന്ന് അടുക്കളയിലെ വിഐപിയാണ്.
വില കുറഞ്ഞില്ലെങ്കില്‍ ഓണക്കാലത്ത് കച്ചവടം കുറയുമെന്നാണ് ഓയില്‍ മില്‍ ഉടമകള്‍ പറയുന്നത്. നേരിയ വിലക്കുറവുള്ളതിനാല്‍ ജനങ്ങള്‍ ഓയില്‍ മില്ലുകളെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ വാങ്ങുന്ന എണ്ണയുടെ അളവ് കുറച്ചതിനാല്‍ വില വര്‍ധനവ് റീട്ടെയില്‍ കച്ചവടത്തെയും ബാധിച്ചെന്നും മില്ലുടമകള്‍ പറയുന്നു.