
നിലമ്പൂരിൽ വർഗീയ പ്രചരണത്തിനായി യുഡിഎഫ് പ്രത്യേകം ചിലരെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. യുഡിഎഫ് തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗീയ അജണ്ടയുമായി യുഡിഎഫ് മുന്നോട്ട് പോകരുതെന്നും മുഹമ്മദ് റിയാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ദേശീയപാതാ വിഷയത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉന്നയിച്ച വിമർശനങ്ങളെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി തള്ളി.
തെരഞ്ഞെടുപ്പില്‍ ആരോഗ്യപരമായ രാഷ്ട്രീയം പറയണം. അല്ലാതെ, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മതവർഗീയ അജണ്ടയുമായി മുന്നോട്ട് പോകരുത്. ഇതൊരു അഭ്യർഥനയാണ്.
പി.എ. മുഹമ്മദ് റിയാസ്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ എം. സ്വരാജ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സ്വരാജിന് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. തങ്ങളുടെ തലമുറയിലെ ഒരു പ്രതിഭയാണ് അദ്ദേഹം. നവകേരള വികസനത്തിന് സ്വരാജ് ഒപ്പം വേണ്ടതുണ്ട്. അത് ജനം ആഗ്രഹിക്കുന്നുണ്ടെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ പ്രസ്താവനയോടും മന്ത്രി റിയാസ് പ്രതികരിച്ചു. ദേശീയ പാതാ നിർമാണത്തിലുണ്ടായ പ്രശ്നങ്ങളില്‍ കേന്ദ്ര സർക്കാർ കുറ്റമേൽക്കുന്നു എന്നുപറഞ്ഞ ജോർജ് കുര്യന്‍ പ്രശ്നങ്ങൾ ഉണ്ടായാൽ പരിഹരിക്കുമെന്നും പൂർത്തിയാക്കുമ്പോള്‍ ആരും ക്രെഡിറ്റ് അടിക്കാൻ വരാതിരുന്നാൽ മതിയെന്നുമാണ് പറഞ്ഞത്. എന്നാല്‍, ക്രെഡിറ്റ് ജനങ്ങള്‍ക്കാണെന്നായിരുന്നു സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണം. 2016ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ദേശീയപാതാ വികസനം യാഥാർഥ്യമാകില്ലായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.