

കോട്ടയം: പാലായിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി മത്സരിക്കുമെന്ന് ആവർത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. പാർട്ടി ചെയർമാൻ മത്സരിക്കില്ലെന്ന് ആരും പറഞ്ഞിട്ടില്ല എന്നും റോഷി വ്യക്തമാക്കി. കേരള കോൺഗ്രസ് പൊട്ടിമുളച്ചുവന്ന പാർട്ടിയല്ല. കേരള കോൺഗ്രസ് എംഎൽഎമാർ മത്സരിക്കില്ലെന്ന് ആരെങ്കിലും പറഞ്ഞോ, ഇടുക്കിക്കാർക്കൊപ്പം എന്നും ഉണ്ടാകുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
പാലായിൽ താൻ മത്സരിക്കുമെന്ന് മൈക്ക് പിടിച്ചുവാങ്ങി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചതിൽ വിശദീകരണവുമായി കഴിഞ്ഞ ദിവസം ജോസ് കെ. മാണി രംഗത്തെത്തിയിരുന്നു. പാലായില്‍ താന്‍ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞത് സ്നേഹക്കൂടുതല്‍ ഉള്ളതുകൊണ്ടാണെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. സ്ഥാനാർഥിത്വം തീരുമാനിക്കുക പാർട്ടിയാണെന്നും ജോസ് കെ. മാണി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി പാലായിൽ മത്സരിക്കുമെന്ന് അടിമാലിയിലെ പൊതു പരിപാടിയിലായിരുന്നു റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി. എന്നാൽ ഉടൻ അദ്ദേഹത്തിൽ നിന്ന് മൈക്ക് വാങ്ങിയശേഷം ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കും. അത് പാർട്ടിയുടെ തീരുമാനമാണെന്നും സമയത്ത് പ്രഖ്യാപനം നടത്തുമെന്നും റോഷി പ്രഖ്യാപിക്കുകയായിരുന്നു.