ആലപ്പുഴ: ജി. സുധാകരനെ നേരിൽ കാണുമെന്ന് മന്ത്രി സജി ചെറിയാൻ. സുധാകരൻ പാർട്ടിയിൽ നിന്ന് അകന്നു എന്നത് മാധ്യമ സൃഷ്ടിയാണ്. സുധാകരന് തന്നെ വിമർശിക്കാനുള്ള അവകാശമുണ്ട്. ഞങ്ങൾ തമ്മിലുള്ളത് നല്ല കെമിസ്ട്രിയാണ്. ഞങ്ങൾക്കിയിലെ മഞ്ഞുരുകൻ മഞ്ഞില്ലല്ലോ എന്നും സജി ചെറിയാൻ പറഞ്ഞു.
ആലപ്പുഴയിലെ സിപിഎം നേതാക്കൾക്ക് വിമർശനം പുതിയതല്ല. ജി. സുധാകരന് ഏതു വേദിയിലും പോകാം. ബിജെപി, എസ്ഡിപിഐ വേദി ഒഴികെ ഏത് വേദിയിലും സുധാകരന് പോയി സംസാരിക്കാമെന്നും തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും സജി ചെറിയാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞദിവസവും ഇരുവരും തമ്മിൽ പ്രശ്നമില്ലെന്ന് വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. സുധാകരൻ സാറിന് തന്നെ കുറിച്ച് ഒരു തെറ്റിധാരണയുമില്ലെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾ സംസാരിച്ചു തീർത്തോളാമെന്നുമാണ് സജി ചെറിയാൻ പറഞ്ഞത്. മാധ്യമങ്ങളാണ് തെറ്റിധാരണ ഉണ്ടാക്കുന്നതെന്നും ജി. സുധാകരൻ തന്റെ നേതാവാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
പാർട്ടിയിൽ തനിക്കെതിരായ പടയൊരുക്കത്തിന് പിന്നിൽ സജി ചെറിയാൻ ആണെന്നായിരുന്നു ജി. സുധാകരൻ പറഞ്ഞത്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞ് പടക്കം പൊട്ടിച്ച് ടീ പാർട്ടി നടത്തിയതിൽ സജി ചെറിയാനും പങ്കാളിയാണെന്നും ജി. സുധാകരൻ പറഞ്ഞിരുന്നു. പാർട്ടിയിൽ ഉള്ള തന്നോട് പാർട്ടിയോട് ചേർന്ന് പോകാൻ പറഞ്ഞതിന് സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.