പാലക്കാട്ടെ പൊതുപരിപാടിയിൽ നിരോധിച്ച പ്ലാസ്റ്റിക് ബൊക്കെ കൊടുത്ത് മന്ത്രി എം.ബി. രാജേഷിന് സ്വീകരണം. ബൊക്കെ സ്വീകരിക്കാതെ മന്ത്രി വേദിയിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി. പാലക്കാട് കുത്തനൂർ ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ വിമർശനം. ഹരിത പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ വിമർശനം.
നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ബൊക്കെ കൊണ്ട് സ്വീകരിച്ചതിന് പിഴ ഈടാക്കേണ്ടതാണെന്ന് മന്ത്രി വേദിയിൽ രൂക്ഷമായി വിമർശിച്ചു. 10,000 രൂപ പിഴ ഈടാക്കേണ്ടതാണ്. നിരോധനം നടപ്പാക്കേണ്ട വകുപ്പാണ് തദ്ദേശ സ്വയംഭരണ വകുപ്പ്, ആ വകുപ്പിൻ്റെ മന്ത്രിക്കാണ് ബൊക്കേ കൊണ്ടുവന്ന് തന്നത്. സർക്കാർ പറയുന്ന കാര്യങ്ങളൊന്നും ചില ആളുകൾ മനസിലാക്കുന്നില്ല എന്നതാണ് ഇതിനർഥമെന്നും മന്ത്രി വേദിയിൽ പറഞ്ഞു.
നേരത്തെയും പ്ലാസ്റ്റിക് ബൊക്കേ നൽകി സ്വീകരിച്ചതിന് മന്ത്രി പരസ്യമായി വിമർശനമറിയിച്ചിരുന്നു.