തിരുവനനന്തപുരം: നേമത്ത് മത്സരിക്കാൻ ഇല്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. പാർട്ടി പറഞ്ഞാൽ നേമത്ത് വീണ്ടും വീണ്ടും മത്സരിക്കുമെന്ന് മന്ത്രി പറഞ്ഞു. മൂന്ന് തവണ നേമത്ത് നിന്ന് ജനവിധി തേടി. ഇനി മത്സരിക്കണോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ബോധപൂർവം ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമം നടക്കുന്നതായി സംശയമെന്നും ശിവൻകുട്ടി പറഞ്ഞു. മത്സരിക്കാൻ ഇല്ല എന്നല്ല പറഞ്ഞതെന്നും പറഞ്ഞുവന്നപ്പോൾ കൺഫ്യൂഷൻ ആയതാണെന്നും മന്ത്രി വ്യക്തമാക്കി.
കാര്യങ്ങൾ പാർട്ടി തീരുമാനിക്കും എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ അക്കൗണ്ട് നേമത്ത് ക്ലോസ് ചെയ്തതാണ്. പൂട്ടിച്ച അക്കൗണ്ട് ബിജെപിക്ക് തുറക്കാൻ ആകില്ല. നേമത്ത് ഇടതു സ്ഥാനാർഥിക്ക് മികച്ച ജയം ഉണ്ടാകും. പാർട്ടിയാണ് സ്ഥാനാർഥികളെ തീരുമാനിക്കുന്നത്. എൽഡിഎഫ് നേതൃത്വമാണ് പ്രഖ്യാപനം നടത്തുന്നതെന്നും വി. ശിവൻ കുട്ടി വ്യക്തമാക്കി.