"കഴിച്ച പാത്രം സ്വയം കഴുകുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പുതിയ കാര്യമല്ല", എം.എ. ബേബിയെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി വി. ശിവൻകുട്ടി

"പാത്രം കഴുകുക മാത്രമല്ല നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാമെന്നും വ്യക്തമായി അറിയാം" ശിവൻകുട്ടി കുറിച്ചു.
വി. ശിവൻകുട്ടി
Source: Social Media
Published on
Updated on

തിരുവനന്തപുരം: ഗൃഹ സന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവച്ച സംഭവത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ പരിഹസിച്ചവർക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി. പരിഹാസത്തിന് പിന്നിലുള്ളവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. ഡൽഹിയിലെ എ.കെ.ജി ഭവനിലായാലും തിരുവനന്തപുരത്തെ എ.കെ.ജി സെൻ്ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും, ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് തങ്ങളുടെ രീതിയും ശീലവുമാണെന്ന് ശിവൻകുട്ടി പറഞ്ഞു. തൊഴിലിൻ്റെ മഹത്വം തിരിച്ചറിഞ്ഞ് ലിംഗഭേദമില്ലാതെ എല്ലാ ജോലികളും ചെയ്യാൻ മടിയില്ലാത്ത ഒരു പുതിയ തലമുറയായി കുട്ടികൾ വളർന്നുവരണമെന്നും ശിവൻകുട്ടി പോസ്റ്റിൽ വ്യക്തമാക്കി.

വി. ശിവൻകുട്ടി
ശബരിമല സ്വർണ്ണക്കൊള്ള: പ്രധാന പ്രതികളുടെ 1.3 കോടിയുടെ ആസ്തികൾ ഇ.ഡി മരവിപ്പിച്ചു

"ബേബി സഖാവിനെ അടുത്തറിയുന്നവർക്ക്, അദ്ദേഹം എവിടെയായിരുന്നാലും സ്വന്തം പാത്രം കഴുകി വെക്കുന്ന ശീലം പണ്ടേയുള്ളതാണെന്നും, പാത്രം കഴുകുക മാത്രമല്ല നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാമെന്നും വ്യക്തമായി അറിയാം" ശിവൻകുട്ടി കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഗൃഹസന്ദര്‍ശനം നടത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് പരിഹസിച്ചവർക്ക് മറുപടിയുമായി ശിവൻകുട്ടി എത്തിയത്.

വി. ശിവൻകുട്ടി
"സുരക്ഷിതമായ സ്ഥലം, ഇവിടെ നിന്ന് ട്രംപിന്റെ താരിഫ് യുദ്ധത്തെപ്പറ്റി ഒരു വാക്ക് പറയുമോ?"; കേരളത്തിൽ എത്തുന്ന മോദിക്ക് തുറന്ന കത്തയച്ച് ബിനോയ് വിശ്വം

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

" ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സി.പി.ഐ (എം) ജനറൽ സെക്രട്ടറി സഖാവ് എം.എ ബേബിയെ പരിഹസിച്ചുകൊണ്ട് ചില കോണുകളിൽ നിന്ന് ഉയരുന്ന ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു. ആ പരിഹാസത്തിന് പിന്നിലുള്ളവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. ഡൽഹിയിലെ എ.കെ.ജി ഭവനിലായാലും തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും, ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് ഞങ്ങളുടെ രീതിയും ശീലവുമാണ്. ബേബി സഖാവിനെ അടുത്തറിയുന്നവർക്ക്, അദ്ദേഹം എവിടെയായിരുന്നാലും സ്വന്തം പാത്രം കഴുകി വെക്കുന്ന ശീലം പണ്ടേയുള്ളതാണെന്നും, പാത്രം കഴുകുക മാത്രമല്ല നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാമെന്നും വ്യക്തമായി അറിയാം.

തുണികഴുകൽ, പാചകം, വീട് വൃത്തിയാക്കൽ, കക്കൂസ് കഴുകൽ തുടങ്ങിയ ജോലികൾ 'മോശപ്പെട്ട' പണികളാണെന്നും, അവയൊക്കെ സ്ത്രീകളോ അല്ലെങ്കിൽ സമൂഹത്തിലെ താഴെക്കിടയിലുള്ളവർ എന്ന് ഒരു വിഭാഗത്താൽ വിളിക്കപ്പെടുന്നവരോ മാത്രം ചെയ്യേണ്ടതാണെന്നും കരുതുന്നവർ ഇന്നും നമുക്കിടയിലുണ്ട്. പുരുഷന്മാർ ഇതൊന്നും ചെയ്യാൻ പാടില്ലെന്നുള്ള പഴഞ്ചൻ ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽ പേറുന്നവർക്ക്, ഒരാൾ സ്വന്തം പാത്രം കഴുകുന്നത് കാണുമ്പോൾ അസ്വസ്ഥത ഉണ്ടായേക്കാം. ഏതൊരു തൊഴിലിനും അന്തസ്സുണ്ടെന്നും, സ്വന്തം കാര്യം നോക്കുന്നത് ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയാനുള്ള പക്വത ഇക്കൂട്ടർക്ക് ഇല്ലാതെ പോയി.

ഈ അവസരത്തിൽ എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളോട് ഒരുകാര്യം ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നത് ഒരിക്കലും കുറച്ചിലല്ല, മറിച്ച് അതൊരു വലിയ ഗുണമാണ്. പഠനത്തോടൊപ്പം തന്നെ വീട്ടിലെ ചെറിയ ജോലികൾ ചെയ്യാനും, ആൺകുട്ടികൾ പാചകവും പാത്രം കഴുകലും അടക്കമുള്ള കാര്യങ്ങൾ ശീലിക്കുന്നതും നല്ല സംസ്കാരത്തിന്റെ ഭാഗമാണ്. തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞ്, ലിംഗഭേദമില്ലാതെ എല്ലാ ജോലികളും ചെയ്യാൻ മടിയില്ലാത്ത ഒരു പുതിയ തലമുറയായി നിങ്ങൾ വളർന്നുവരണം. ജീർണ്ണിച്ച ചിന്താഗതികളെ അവഗണിച്ചുകൊണ്ട്, അധ്വാനത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച് നമുക്ക് മുന്നോട്ട് പോകാം."

ചെറുപ്പം മുതലെ കഴിച്ച പാത്രം കഴുകിവയ്ക്കുക എന്നത് തന്റെ ശീലമാണെന്നും താന്‍ അത് ഇന്നും പാലിച്ച് വരുന്നുവെന്നുമാണ് എം.എ. ബേബി പ്രതികരിച്ചത്. എം.എ. ബേബിയും എല്ലാ സിപിഎം നേതാക്കളും സ്വന്തം പാത്രം കഴുകുന്നവർ ആണെന്ന് സിപിഐഎം നേതാവ് എം. വി. ജയരാജൻ പ്രതികരിച്ചിരുന്നു. കൊടുങ്ങല്ലൂരിൽ ഭക്ഷണം കഴിച്ച പാത്രം വീട്ടിലെ അടുക്കളയില്‍ പോയി എം.എ. ബേബി കഴുകിവയ്ക്കുന്ന വീഡിയോ ആണ് വൈറലായത്. പലരും പരിഹാസ കമന്റുകളുമായി എത്തിയപ്പോൾ കഴിച്ച പാത്രം സ്വയം കഴുകുന്നത് നല്ല ശീലമാണെന്ന് നിരവധി പേർ പ്രതികരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com