ഗവർണർക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രി വി. ശിവൻകുട്ടി; മന്ത്രിസഭാ യോഗം നടക്കുന്നത് കൊണ്ടെന്ന് വിശദീകരണം

മന്ത്രിയുടെ ഓഫീസിൽ നിന്ന് പങ്കെടുക്കുന്ന പരിപാടിയുടെ ലിസ്റ്റിൽ ഗവർണർക്കൊപ്പമുള്ള പരിപാടി രേഖപ്പെടുത്തിയിട്ടില്ല.
ഗവർണർക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രി വി. ശിവൻകുട്ടി
ഗവർണർക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രി വി. ശിവൻകുട്ടിSource: Facebook/ Rajendra Arlekar, V. Sivankutty
Published on

വിവാദം ആളിക്കത്തുന്നതിനിടെ ഗവർണർ രാജേന്ദ്ര അ‍ർലേക്ക‍ർക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് നടന്ന ഫസ്റ്റ് എയ്ഡ്‌ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാസ്കോട്ട് ഹോട്ടലിൽ വെച്ച് നടക്കുന്ന, നിരാമയ കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വേദിയിലേക്ക് മന്ത്രി എത്തിയില്ല. മന്ത്രിസഭാ യോഗം നടക്കുന്നത് കൊണ്ടാണ് എത്താത്തത് എന്നാണ് വിശദീകരണം. എന്നാൽ മന്ത്രിയുടെ ഓഫീസിൽ നിന്ന് പങ്കെടുക്കുന്ന പരിപാടിയുടെ ലിസ്റ്റിൽ ഗവർണർക്കൊപ്പമുള്ള പരിപാടി രേഖപ്പെടുത്തിയിട്ടില്ല. രാജ്ഭവനിൽ ഭാരതാംബ ചിത്രം പ്രദ‍ർശിപ്പിച്ചതിന് പിന്നാലെ വേദിയിൽ നിന്നിറങ്ങിപ്പോയ ശേഷം ഇരുവരും ഒരുമിച്ചുള്ള പരിപാടിയാണ് മന്ത്രി ഒഴിവാക്കിയത്.

മന്ത്രി വി. ശിവൻകുട്ടി, ​ഗവ‍ർണർ രാജേന്ദ്ര അർലേക്ക‍ർ, കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കേണ്ടിയയിരുന്നത്. എന്നാൽ, മോഹനൻ കുന്നുമ്മൽ പരിപാടിക്ക് എത്തില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. മന്ത്രി വി. ശിവൻകുട്ടി പരിപാടിക്ക് പങ്കെടുക്കുമെന്നായിരുന്നു അവസാനനിമിഷം വരെ അനൗദ്യോഗികവിവരം.

ഗവർണർക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രി വി. ശിവൻകുട്ടി
ഡോ. മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ; അനില്‍ കുമാറിനെ തടയാനും ഉത്തരവിറക്കി

കഴിഞ്ഞ ആഴ്ച ഈ പരിപാടി സംബന്ധിച്ച് ഒരു പ്രതികരണം മന്ത്രി നടത്തിയിരുന്നു. താനും ​ഗവ‍ർണറും പങ്കെടുക്കുന്ന ഒരു പരിപാടി വരാനുണ്ട്, അതിലും ഭാരതാംബ ചിത്രവുമായി വരുമോ ആവോ എന്നായിരുന്നു പരിഹാസരൂപേണ മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ മാസം 19നാണ് രാജ്ഭവനിലെ പരിപാടി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ബഹിഷ്കരിച്ചത്. ആർഎസ്എസ് ശാഖകളിൽ ഉപയോ​ഗിക്കുന്ന കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ഉപയോഗിച്ചതായിരുന്നു വിദ്യാഭ്യാസ മന്ത്രി ചടങ്ങ് ബഹിഷ്കരിക്കാന്‍ കാരണം. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ വിതരണ ചടങ്ങാണ് വിദ്യാഭ്യാസ മന്ത്രി ബഹിഷ്കരിച്ചത്. ഇത്തരം പരിപാടികളില്‍ രാഷ്ട്രീയ ബിംബങ്ങൾ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഗവർണർ കാണിക്കുന്നത് അഹങ്കാരമാണെന്നും മന്ത്രി പറഞ്ഞിരുന്നു. താന്‍ വൈകിയാണ് പരിപാടിയില്‍ എത്തിയത്. താന്‍ ചെല്ലുമ്പോഴേക്കും ഭാരതാംബയുടെ ചിത്രത്തിനു മുന്നിലെ വിളക്കിന് ഗവർണർ തിരികൊളുത്തിയിരുന്നു. അധ്യക്ഷ പ്രസംഗത്തിന് വിളിച്ചപ്പോള്‍ തന്റെ വിമർശനം മന്ത്രി അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com