തിരുവനന്തപുരം: ഇടഞ്ഞു നിൽക്കുന്ന ലത്തീൻ സഭയെ അനുനയിപ്പിക്കാൻ ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ സഭാ ആസ്ഥാനത്ത് എത്തി. നടന്നത് സൗഹൃദ സന്ദർശനമെന്ന് മന്ത്രി പറഞ്ഞു. ആശങ്കകൾ ഉണ്ടെങ്കിൽ പരിഹരിക്കും. എല്ലാവരെയും ചേർത്ത് പിടിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ പറഞ്ഞു. താന്‍ കടലറിയുന്ന മന്ത്രിയാണ്. യുഡിഎഫ് മാനിഫെസ്റ്റോയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നിലവിലെ ആവശ്യങ്ങൾ പരിഹരിക്കുന്ന വരെ ആശങ്ക തുടരുമെന്ന് സഭാ പ്രതിനിധി ഫാദർ മനോജ് പറഞ്ഞു. വന്ന് കണ്ട ഉടനെ മഞ്ഞുരുകി എന്ന് പറയാൻ കഴിയില്ല. കരയുന്ന കുഞ്ഞിനേ പാലുള്ളൂ, പക്ഷേ അമ്മയ്ക്ക് അറിഞ്ഞൂടേ പാല് കൊടുക്കണമെന്ന്. സൗഹൃദ അന്തരീക്ഷത്തിൽ തന്നെ മുന്നോട്ടു പോകും. എല്ലാ കാര്യങ്ങളും നേരിട്ട് ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. വോട്ടുബാങ്ക് ആയി അല്ല സഭയെ കാണുന്നത് എന്ന് അറിയിച്ചു. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുമെന്നും സഭാ പ്രതിനിധി പ്രതികരിച്ചു.
തീരദേശത്തെ 80 ശതമാനത്തോളം വരുന്ന മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ലത്തീൻ സമുദായത്തിൽ നിന്നാണ്. അതുകൊണ്ട് ആ സമുദായത്തിൽ നിന്നൊരു മന്ത്രി തന്നെ വേണമെന്നായിരുന്നു സഭാ നേതൃത്വം ആവശ്യപ്പെട്ടത്. പക്ഷെ അതിന് യുഡിഎഫ് സർക്കാർ തയ്യാറായിരുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രലിലും കോവളത്തും അടക്കം സഭ യുഡിഎഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും സർക്കാർ അനുകൂലമായ നിലപാടെടുക്കാത്തത് സഭയെ ചൊടിപ്പിച്ചിരുന്നു.
ഫിഷറീസ് വകുപ്പ് സഭയ്ക്ക് നൽകുന്നില്ലെങ്കിൽ വകുപ്പ് ചവറയിൽ നിന്ന് വന്ന ഷിബു ബേബി ജോണിന് നൽകണമെന്ന ആവശ്യവും സഭ മുന്നോട്ട് വച്ചിരുന്നു. അതുമല്ലെങ്കിൽ സി.പി. ജോണിന് വകുപ്പ് നൽകുകയോ കോൺഗ്രസ് ഏറ്റെടുക്കുകയോ ചെയ്യണമെന്നും സഭ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, ആ ആവശ്യങ്ങളൊന്നും സർക്കാർ അംഗീകരിച്ചിരുന്നില്ല.