
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം നിയമസഭയില്‍ നടന്ന കാര്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിമര്‍ശനം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച തെറ്റായ കാര്യങ്ങള്‍ക്ക് അങ്ങനെയല്ല എന്ന് രേഖകള്‍ സഹിതം നിയമസഭയില്‍ മറുപടി പറഞ്ഞിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ചര്‍ച്ച നടത്തണമെന്ന് പറയുക. ആ ചര്‍ച്ചയില്‍ വസ്തുതാപരല്ലാത്ത കാര്യങ്ങള്‍ മാത്രം പറയുക. പിന്നീട് ചര്‍ച്ചക്കിടെ അസഹിഷ്ണതയോടെ അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ച് ഇറങ്ങിപ്പോകുക. ഇതാണ് സഭയില്‍ പ്രതിപക്ഷം ചെയ്തത്. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്ഷേപവും ആക്രോശവും പ്രതിപക്ഷ നേതാവിന് നിസ്സാരമായി തോന്നിയതില്‍ അത്ഭുതപ്പെടുന്നില്ല എന്നും കുറിച്ചു കൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ്.
തുടര്‍ന്ന് അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് സഭയില്‍ പറഞ്ഞ കാര്യങ്ങളും മന്ത്രി കുറിപ്പില്‍ വിശദീകരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ചര്‍ച്ച നടത്തണമെന്ന് പറയുക. ആ ചര്‍ച്ചയില്‍ വസ്തുതാപരല്ലാത്ത കാര്യങ്ങള്‍ മാത്രം പറയുക. പിന്നീട് ചര്‍ച്ചക്കിടെ അസഹിഷ്ണതയോടെ അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ച് ഇറങ്ങിപ്പോകുക. ഇതാണ് ഇന്ന് കേരള നിയമസഭയില്‍ പ്രതിപക്ഷം ചെയ്തത്. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്ഷേപവും ആക്രോശവും പ്രതിപക്ഷ നേതാവിന് നിസ്സാരമായി തോന്നിയതില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല.
അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച തെറ്റായ കാര്യങ്ങള്‍ക്ക് അങ്ങനെയല്ല എന്ന് രേഖകള്‍ സഹിതം നിയമസഭയില്‍ മറുപടി പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ പറഞ്ഞ വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ക്കുള്ള മറുപടി ഇപ്രകാരമാണ്.
1. അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് രാജ്യത്ത് തന്നെ ആദ്യമായി കേരള സംസ്ഥാന ആരോഗ്യ വകുപ്പ് ഗൈഡ് ലൈന്‍ പുറത്തിറക്കി (2023)
2. അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ 2024ല്‍ തന്നെ സംസ്ഥാനം ഇറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ വര്‍ക്ക് ഷോപ്പിന് ശേഷമാണ് ടെക്‌നിക്കല്‍ ഗൈഡ് ലൈന്‍ ഇറക്കിയത്.
3. 2025ല്‍ ഏകാരോഗ്യത്തെ അടിസ്ഥാനമാക്കി ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കി. അങ്ങനെയൊരു കര്‍മ്മ പദ്ധതിയുള്ള ലോകത്തിലെ ആദ്യ ഭൂപ്രദേശമാണ് കേരളം.
4. കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരവുമായി ആക്ടീവ് സര്‍വൈലന്‍സ് നടക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ നമ്മള്‍ കേസുകള്‍ കണ്ടുപിടിക്കുന്നത്. 2023ലെ നിപ ഔട്ട്‌ബ്രേക്കിന് ശേഷം എല്ലാ മസ്തിഷ്‌ക ജ്വരവും റിപ്പോര്‍ട്ട് ചെയ്യണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്തുകൊണ്ട് മസ്തിഷ്‌ക ജ്വരം ഉണ്ടാകുന്നുവെന്ന കാരണം കണ്ടെത്തണം എന്ന വ്യവസ്ഥയും മുന്നോട്ടുവച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ നമ്മള്‍ കണ്ടുപിടിക്കുന്നത്. ഇന്ത്യയില്‍ 70 ശതമാനം മസ്തിഷ്‌ക ജ്വരവും കാരണമറിയാത്തതെന്നാണ് എല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് രോഗമായി ഇവിടെ വന്ന് ചികിത്സ തേടുന്നവരുമുണ്ട്. ഇപ്പോഴുള്ളവരില്‍ 2 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇത് മറ്റ് സംസ്ഥാനങ്ങളിലും രോഗമുണ്ട് എന്നതിന്റെ തെളിവാണ്. എന്നാല്‍ കേരളത്തില്‍ രോഗം നേരത്തെ കണ്ടുപിടിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു.ആഗോളതലത്തില്‍ നെഗ്ലേറിയ ഫൗളേറിയ ആണെങ്കില്‍ 98 ശതമാനവും അക്കാന്തമീബ ആണെങ്കില്‍ 60 ശതമാനത്തിന് മുകളിലും മരണ നിരക്കുള്ളത് 24 ശതമാനമായി കുറയ്ക്കാന്‍ ഇടപെടലുകളിലൂടെ കേരളത്തിനായി. കേരളത്തിലെ മരണനിരക്ക് 24 ശതമാനമാണ്.
5. അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് പറഞ്ഞു. ഹരിത കേരളം മിഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റിന്റെ ഉള്ളടക്കം കൂടി സൂചിപ്പിച്ചു. ബഹു. മുഖ്യമന്ത്രി നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പറഞ്ഞു. പ്രമേയ അവതാരകന്റെ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തീയതി സഹിതം പറയുകയുണ്ടായി.
6. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് ഡെങ്കിപ്പനി കേസുകളില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഏറ്റവും കൂടിയ മരണ നിരക്ക് ഉണ്ടായിട്ടുള്ള കാലഘട്ടം 2011-2012ല്‍ ആണ്. അന്ന് 0.73 ശതമാനമാണ്. ഇന്ന് 0.14 ശതമാനമാണ്.
അമീബിക് മസ്തിഷ്‌ക ജ്വരം വരാതിരിക്കാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
. മലിനവും കെട്ടിക്കിടക്കുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതുമായ വെള്ളത്തില്‍ മുഖം കഴുകുകയോ കുളിക്കുകയോ നീന്തുകയോ ചെയ്യാതിരിക്കാം.
. കിണറുകള്‍ ശാസ്ത്രീയമായി ക്ലോറിനേറ്റ് ചെയ്യുക
. ജലസംഭരണികള്‍ വൃത്തിയായി സൂക്ഷിക്കുക
. മൂക്കിലേക്ക് വെള്ളം കയറ്റുകയോ ഒഴിക്കുകയോ ചെയ്യാതിരിക്കുക
തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് പ്രധാന കാര്യം
കേരളത്തിലെ പ്രതിപക്ഷത്തിന് എന്തെങ്കിലും ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ അത് പറയാം എന്ന് ഞാന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. അത് ഒരിക്കല്‍ കൂടി ഇവിടെ കുറിയ്ക്കട്ടെ.