

രമേശ് ചെന്നിത്തലയെ 'കിങ് ഓഫ് തൂഫാൻ' എന്ന് സിനിമാസ്റ്റൈലിൽ പുകഴ്ത്തി എം.എം. നസീർ എംഎൽഎ. ജയിലർ സിനിമയിൽ രജനികാന്ത് എത്തുമ്പോൾ കേൾക്കുന്ന 'ടൈഗർ കാ ഹുക്കും' എന്ന ബിജിഎം പരാമർശിച്ചായിരുന്നു പ്രസംഗം ആരംഭിച്ചത്. കേരളത്തിലെ ടൈഗർ കാ ഹുക്കും രമേശ് ചെന്നിത്തലയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ പ്രതിഷേധങ്ങളെ എം.എം. നസീർ നിയമസഭയിൽ പരിഹസിച്ചു. ജന്തർ മന്തറിൽ പോയി 'അമിത് ഷാ വായോ' എന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ നേതാക്കളെ വാഹനത്തിൽ കയറ്റി ചപ്പാത്തിയും മുട്ടക്കറിയും വാങ്ങിക്കൊടുത്ത് തിരിച്ചിറക്കിവിട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനെ ലഹരിയുടെ കേന്ദ്രമെന്ന് അധിക്ഷേപിച്ചും എം.എം. നസീർ സഭയിൽ രംഗത്തെത്തി. അവിടെ എംഡിഎംഎ ഉപയോഗമാണ് നടക്കുന്നതെന്നും നഗരത്തിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്നവർ അവിടെയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കോടിയേരിയുടെ ഫ്ലക്സുകൾ പോലും വലിച്ചുകീറിയത് ലഹരിവസ്തുക്കൾ ലഭിക്കാത്തതിനെ തുടർന്നുള്ള വിഭ്രാന്തി മൂലമാണെന്നും, മൊട്ടത്തല കണ്ട് മുഖ്യമന്ത്രിയാണെന്ന് കരുതിയാണ് ഫ്ലക്സ് കീറിയതെന്നും നസീർ പരിഹസിച്ചു. ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എസ്.എഫ്.ഐക്കാർ ആക്രമിച്ചെന്നും നസീർ പറഞ്ഞു.
അതേസമയം എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരായ എം.എം. നസീറിന്റെ മോശം പരാമർശങ്ങൾ സഭാരേഖകളിൽനിന്ന് നീക്കണമെന്ന് എം. വിജിൻ എംഎൽഎ ആവശ്യപ്പെട്ടു. അത്തരത്തിലുള്ള പരാമർശങ്ങളാണെങ്കിൽ യൂത്ത് കോൺഗ്രസ് നേതാക്കളെക്കുറിച്ച് നടത്തിയ പരാമർശങ്ങളും പരിശോധിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പരിശോധിക്കാമെന്ന് സ്പീക്കർ മറുപടി നൽകി