

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. രാഹുലിനെതിരായ മറ്റ് രണ്ട് കേസുകളിൽ ഒന്നാമത്തെ കേസിലെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. രണ്ടാമത്തെ കേസിൽ നേരത്തെ തന്നെ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യ വ്യവസ്ഥകൾ പാലിച്ചാൽ ഇന്ന് തന്നെ രാഹുലിന് പുറത്തിറങ്ങാൻ സാധിക്കും. ഒന്നാം കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും നടപടി ക്രമങ്ങൾ ഉണ്ടെങ്കിൽ മാത്രമേ രാഹുലിന് ജയിലിൽ തുടരേണ്ടി വരികയുള്ളു. കേസിൽ അറസ്റ്റിലായി 18 ദിവസങ്ങൾക്ക് ശേഷമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്.
എല്ലാം ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കാൻ പാടില്ല. സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. അന്വേഷണവുമായി സഹകരിക്കണം. അമ്പതിനായിരം രൂപയും രണ്ട് ആൾ ജാമ്യവും വേണം എന്നിവയെല്ലാമാണ് രാഹുലിന്റെ ജാമ്യവസ്ഥകൾ. നേരത്തെ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതി രാഹുലിൻ്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ സെഷൻസ് കോടതിയെ സമീപിച്ചത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെയാണ് കഴിഞ്ഞദിവസം വിധി പറയുന്നത് സെഷൻസ് കോടതി മാറ്റിവച്ചത്. ശബ്ദരേഖയുടെ ശാസ്ത്രീയ പരിശോധനകൾ നടത്തണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്.
ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും, അറസ്റ്റ് നിയമവിരുദ്ധമാണെന്നുമായിരുന്നു രാഹുലിൻ്റെ വാദം. രാതിക്കാരിയുമായുള്ള രാഹുലിൻ്റെ ഫോൺ സംഭാഷണത്തിൻ്റെ രേഖകളടക്കമുള്ള ഇലക്ട്രോണിക് തെളിവുകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് രാഹുൽ റിമാൻഡിൽ ഉള്ളത്. അതേസമയം, രാഹുലിന് ജാമ്യം ലഭിച്ചാൽ കേസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നടക്കമുള്ള വാദങ്ങളാണ് പരാതിക്കാരി കോടതിയിൽ ചൂണ്ടിക്കാട്ടിയത്.