ഇടുക്കി: സ്ഥാനാർഥിത്വം മാറ്റിയത് താൻ അറിഞ്ഞിട്ടില്ലെന്ന് മുതിർന്ന സിപിഐഎം നേതാവ് എം.എം. മണി. മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കും. സ്ഥാനാർഥിയാക്കിയില്ലെങ്കിലും വിഷമമില്ല. ഇടുക്കി ജില്ലയിൽ സിപിഐഎമ്മിൽ നിന്നും മന്ത്രിയായ എക ആൾ താനാണെന്നും, ആരോഗ്യപ്രശ്നം ഉണ്ടെന്ന് പാർട്ടിയെ അറിയിച്ചിട്ടില്ലെന്നും എം.എം. മണി പറഞ്ഞു. പാർട്ടിയിലെ മറ്റു നേതാക്കൾക്കും ആരോഗ്യപ്രശ്നമുണ്ട്. മത്സരം കടുപ്പമാകുമോയെന്ന് ജയചന്ദ്രനോട് ചോദിക്കണമെന്നും എം.എം. മണി പ്രതികരിച്ചു.
ജില്ലാ നേതൃത്വത്തിൻ്റെ പൂർണമായ പിന്തുണ ഉടുമ്പൻചോലയിൽ എം.എം. മണിക്കായിരുന്നു. രണ്ട് ടേം പൂർത്തിയാക്കിയ എം.എം. മണി തന്നെ ഉടുമ്പൻചോലയിൽ വിജയമുറപ്പിക്കാൻ സ്ഥാനാർഥിയാകണമെന്ന നിലപാടാണ് ഇടുക്കി ജില്ലാ നേതൃത്വത്തിന് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ 38,000 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചത് എം.എം. മണിയുടെ ജനകീയത കാരണമാണെന്ന വിലയിരുത്തലിലായിരുന്നു ജില്ലാ നേതൃത്വം.
എന്നാൽ, സംസ്ഥാന നേതൃത്വം തീരുമാനിച്ചത് ദീർഘകാലം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന കെ.കെ. ജയചന്ദ്രനെ ആയിരുന്നു. ജില്ലാ നേതൃത്വത്തിൻ്റെ പട്ടിക തിരുത്തിയാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശം. ജില്ലാ സെക്രട്ടറിയേറ്റിൽ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശം പരിഗണിച്ച് തീരുമാനമെടുത്തേക്കും. എന്നാൽ, എം.എം. മണി രണ്ട് ടേം പൂർത്തിയാക്കിയതും, ശാരീരിക ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തിലും കൂടിയാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശം.