

കൊല്ലം: ചാത്തന്നൂരിൽ കിഫ്ബി ഫണ്ടിൽ നിന്ന് കോടികൾ മുടക്കി പണിത ആധുനിക മത്സ്യമാർക്കറ്റ് സമുച്ചയം കാടുകയറി നശിക്കുന്നു. മത്സ്യങ്ങൾ ശീതികരിച്ച് വിൽപ്പന നടത്താനുള്ള സംവിധാനം വരെ ഒരുക്കിയ കെട്ടിടമാണ് അധികൃതരുടെ പിടിപ്പുകേട് മൂലം ഇല്ലാതാകുന്നത്. അഞ്ച് കോടിയിലധികം രൂപ ചിലവഴിച്ചാണ് കിഫ്ബി ഫണ്ടിൽ നിന്നും ആധുനിക മത്സ്യ മാർക്കറ്റ് ചാത്തന്നൂരിൽ നിർമിച്ചത്.
ഏഴ് മാസങ്ങൾക്ക് മുൻപ് സമുച്ചയത്തിൻ്റെ ഉദ്ഘാടനവും നടത്തി. പിന്നീടിങ്ങോട്ട് കെട്ടിടം തുറന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പുതിയ മാർക്കറ്റ് നിർമിക്കുന്നതിൻ്റെ ഭാഗമായി ഇവിടെ കച്ചവടം നടത്തിവന്നിരുന്നവരെ പുനരധിവസിപ്പിച്ചില്ലെന്ന് മാത്രമല്ല, നിർമാണം പൂർത്തിയായ കെട്ടിടം തുറന്ന് നൽകാൻ പോലും അധികൃതർ തയ്യാറാവുന്നില്ല. കെട്ടിടത്തിലെ ഇലട്രിക് വയറുകളും, ഉപകരണങ്ങളും പലയിടത്തായി കിടന്ന് നശിക്കുകയാണ്.
കെട്ടിടത്തിൽ നിർമിച്ചിരിക്കുന്ന കടമുറികൾ വ്യാപാരികൾക്ക് നൽകിയിരുന്നെങ്കിൽ പഞ്ചായത്തിന് ലക്ഷകണക്കിന് രൂപ വാടകയിനത്തിൽ ലഭിക്കുമായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് പഞ്ചായത്തിൻ്റെയും മുന്നോട്ട് പോക്ക്.