തിരുവനന്തപുരം: 'മലയാളം വാനോളം, ലാൽസലാം' പരിപാടിയിൽ ഫാൽക്കെ അവാർഡ് നേടിയ നിമിഷത്തേക്കാൾ തലസ്ഥാനത്തിൻ്റെ സ്നേഹത്തിന് മുന്നിൽ വൈകാരിക ഭാരമെന്ന് മോഹൻലാൽ. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരവായി സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
മുങ്ങിപ്പോകുമ്പോഴെല്ലാം ആരൊക്കെയോ എന്നെ പിടിച്ചുയർത്തുന്നുവെന്നും ഇനിയും ഒഴുകൂ എന്ന് പറയുന്നു. താഴ്ന്ന് പോകുമെന്ന് തോന്നിയപ്പോൾ എല്ലാം ലാലേട്ടാ എന്ന് വിളിച്ചവർ കരുത്തായി. എല്ലാ കലാരൂപങ്ങളും കാലത്തിനനുസരിച്ച് പുതിയതായി, ഈ മാറ്റത്തിന്റെ നടുവിലൂടെയാണ് താൻ യാത്ര നടത്തിയത്. പ്രേക്ഷകരുടെ മടുപ്പിൽ നിന്ന് രക്ഷിക്കുന്ന കവചനം കഥാപാത്രമാണ്. അത് നൽകുന്നത് എഴുത്തുകാരും സംവിധായകനുമാണ്. അനായാസമായി അഭിനയിക്കുന്നു എന്ന് എല്ലാവരും പറയുന്നു. പക്ഷേ തനിക്ക് അഭിനയം അനായാസമല്ല. അങ്ങനെ തോന്നുന്നുവെങ്കിൽ തനിക്ക് പോലും അറിയാത്ത ഏതോ ശക്തിയുടെ സ്വാധീനം കൊണ്ടാണെന്നും മോഹൻലാൽ പറഞ്ഞു.
ചെയ്യുന്ന കർമ്മമാണ് വലുത്, അതിൽ അഹങ്കാരം ഉണ്ടാകുന്നില്ല. കാഴ്ചക്കാർ ഇല്ലെങ്കിൽ കലാകാരനും കലാകാരിയും ഉണ്ടാകുന്നില്ല. നമ്മുടെ സംസ്കാരത്തിൻറെ വിശാലമായ ഷോക്കേസിൽ ഈ പുരസ്കാരവും സൂക്ഷിക്കുന്നു. എൻറെ നാടിൻറെ മണ്ണിൽ വച്ച് ഇത്ര ഗംഭീരമായ സ്വീകരണം ഒരുക്കിയ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും ഹൃദയത്തിൽ നിറഞ്ഞ നന്ദി. സർക്കാറിനോട് നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ചലച്ചിത്ര രംഗത്തെ പ്രമുഖർ പരിപാടിയിൽ വിശിഷ്ടാതിഥികളായുണ്ട്. പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പ്രഭാവർമ മോഹൻലാലിനെ കുറിച്ച് രചിച്ച കവിത ഡോ. ലക്ഷ്മി ദാസ് ആലപിച്ചു. ജനസാഗരമാണ് പരിപാടിക്കായി സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയിരിക്കുന്നത്. 'വാനോളം മലയാളം, ലാല്‍ സലാം' പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. 10,000 പേർക്ക് ഇരിക്കാൻ സൗകര്യവും, അല്ലാതെ 10,000 പേർക്കുള്ള സൗകര്യങ്ങളും ക്രമീകരിച്ചിരുന്നു.