കോഴിക്കോട്: എൽഡിഎഫ് ജാഥയിൽ പെൻഷൻ പണം നൽകിയത് പാർട്ടിക്കാർ പറഞ്ഞിട്ടെന്ന് പണം നൽകിയ ബാലുശേരി സ്വദേശി മൊയ്തീൻ. സ്റ്റേജിൽ വച്ച് പണം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് നൽകാൻ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. പണം പിന്നീട് തിരിച്ചുനൽകുമെന്ന് പറഞ്ഞിരുന്നു. പറഞ്ഞ പോലെ പണം തിരിച്ചു കിട്ടിയെന്നും മൊയ്തീൻ പറയുന്നു. താൻ മനസറിഞ്ഞ് നൽകിയതല്ല പണമെന്നും, സ്റ്റേജിൽ കയറാനായി ചെയ്തതാണെന്നും മൊയ്തീൻ പറഞ്ഞു. മൊയ്തീൻ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സമയം പ്രദേശവാസിയായ ഒരാളാണ് സത്യം തുറന്നുപറയുന്നതിൻ്റെ വീഡിയോ പകർത്തിയത്.
എം.വി. ഗോവിന്ദൻ്റെ എൽഡിഎഫ് മേഖലാ ജാഥ ബാലുശേരിയിലെത്തിയപ്പോഴുണ്ടായ സംഭവത്തിൻ്റെ വീഡിയോ വൈറലായിരുന്നു. എം.വി. ഗോവിന്ദന് പെൻഷൻ പണം നൽകുന്ന മൊയ്തീൻ്റെ വീഡിയോ ഇടത് സോഷ്യൽ മീഡിയ ഹാൻഡിലുകൾ വ്യാപകമായി ഏറ്റെടുത്തു. പെൻഷൻ കിട്ടിയ പണമാണ്, അടുത്ത തവണ യുഡിഎഫ് വന്നാൽ ഇത് കിട്ടില്ല, എൽഡിഎഫ് തന്നെ വീണ്ടും വരണമെന്ന് പറഞ്ഞുകൊണ്ടാണ് പെൻഷൻ പണം മൊയ്തീൻ എം.വി. ഗോവിന്ദന് നൽകിയത്. എന്നാൽ, പണം വാങ്ങിയതായി കൂട്ടിക്കോളൂ എന്ന് പറഞ്ഞുകൊണ്ട് എം.വി. ഗോവിന്ദൻ നൽകിയ പണം തിരികെ മൊയ്തീൻ്റെ പോക്കറ്റിൽ തന്നെ ഇടുന്നതും വീഡിയോയിൽ കാണാം.