ചട്ടങ്ങൾ മറികടന്ന് പുതിയ നിയമനത്തിന് നീക്കം; കേരള ആർട്ടിസാൻ ഡെവലപ്മെന്റ് കോർപ്പറേഷനിലെ ക്രമക്കേടിന്റെ കൂടുതൽ വിവരങ്ങൾ ന്യൂസ് മലയാളത്തിന്

കാഡ്കോയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ബോർഡ് ഇടപെടാൻ പാടില്ലെന്നിരിക്കെ പ്രോജക്ട് മാനേജർ കൺവീനറായി കമ്മറ്റി രൂപീകരിച്ചതും ചട്ടങ്ങൾ പാലിച്ചല്ലെന്നാണ് രേഖകൾ
കേരള ആർട്ടിസാൻ ഡെവലപ്മെന്റ് കോർപ്പറേഷൻ
കേരള ആർട്ടിസാൻ ഡെവലപ്മെന്റ് കോർപ്പറേഷൻ
Published on

പൊതുമേഖല സ്ഥാപനമായ കേരള ആർട്ടിസാൻ ഡെവലപ്മെന്റ് കോർപ്പറേഷനിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. ചട്ടങ്ങൾ മറികടന്ന് ഫെബ്രുവരിയിൽ ചേർന്ന ബോർഡ് യോഗം പുതിയ നിയമനം നടത്താൻ തീരുമാനിച്ചതിന്റെ രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. കാഡ്കോയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ബോർഡ് ഇടപെടാൻ പാടില്ലെന്നിരിക്കെ പ്രോജക്ട് മാനേജർ കൺവീനറായി കമ്മറ്റി രൂപീകരിച്ചതും ചട്ടങ്ങൾ പാലിച്ചല്ലെന്നാണ് രേഖകൾ.

ആർട്ടിസാന്മാരുടെ ക്ഷേമത്തിനായി രൂപീകരിച്ച കേരള ആർട്ടിസാൻ ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഫർണിച്ചർ നിർമാണത്തിന് കരാർ നൽകുന്നത് മുതൽ നിയമനങ്ങളിൽ വരെ വലിയ ക്രമക്കേട് നടന്നതായുള്ള കണ്ടെത്തൽ നേരത്തെ ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. ക്രമക്കേട് സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. പൊതുമേഖല സ്ഥാപനങ്ങളിൽ നിയമനം നടത്താൻ ചുമതലയുള്ള കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആന്റ് റിക്രൂട്ട്മെന്റ് ബോർഡിനെ ഒഴിവാക്കി കാഡ്കോ മാനേജ്മെന്റ് ബോർഡ് യോഗം ചേർന്ന് അനധികൃത നിയമനം നടത്തിയതായാണ് രേഖകൾ സൂചിപ്പിക്കുന്നത്.

കേരള ആർട്ടിസാൻ ഡെവലപ്മെന്റ് കോർപ്പറേഷൻ
ചാകര പ്രതീക്ഷിച്ച് ബോട്ടുകൾ കടലിലേക്ക്; സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് തീരും

ഫെബ്രുവരി 7ന് ചേർന്ന ബോർഡ് യോഗമാണ് മാനേജിങ് ഡയറക്ടർക്ക് വേണ്ടി ദിവസ വേതന അടിസ്ഥാനത്തിൽ‌ ഡ്രൈവറെ നിയമിക്കാൻ തീരുമാനമെടുത്തത്. അജണ്ടയ്ക്ക് പുറത്തു നിന്നായിരുന്നു തീരുമാനം. പ്രോജക്ട് മാനേജരുടെ പ്രത്യേക താത്പര്യപ്രകാരമായിന്നു നിയമനമെന്നാണ് ആക്ഷേപം. നേരത്തെ ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ഉണ്ടായിരുന്നയാളെ പറഞ്ഞുവിട്ട ശേഷമാണ് പുതിയ നിയമനം നടത്തിയത്. കാഡ്കോയിൽ താത്കാലിക, ദിവസ വേതന, കരാർ വ്യവസ്ഥയിൽ പണിയെടുക്കുന്നവരുടെ പരമാവധി കാലാവധി 179 ദിവസം മാത്രമാണെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.

ഈ ഉത്തരവ് അനുസരിച്ചാണ് ഒരാളെ ഒഴിവാക്കി ആ സ്ഥാനത്ത് പുതിയ നിയമനം നടത്തിയതെങ്കിൽ ഇതുകൂടാതെ 17 പേർ കാഡ്കോയിൽ താത്കാലിക ജീവനക്കാരായുണ്ട്. ഇതുമാത്രമല്ല കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഡയറക്ടർബോർഡ് ഇടപെടാൻ പാടില്ലെന്നാണ് ചട്ടം. ഇതു മറികടന്ന് ചെയർമാനെയും പ്രോജക്ട് മാനേജരെയും ഉൾപ്പെടുത്തി പർച്ചേഴ്സ് കമ്മറ്റി രൂപീകരിച്ചതും ക്രമവിരുദ്ധമായാണെന്നാണ് ആക്ഷേപം. എംപാനൽ ആർട്ടിസാൻമാർക്ക് വർക്കുകൾ നൽകുന്നതിൽ പ്രോജക്ട് മാനേജർ പക്ഷപാതം കാണിക്കുന്നെന്ന പരാതി നിലനിൽക്കെയാണ് അദ്ദേഹത്തെ കൺവീനറാക്കി കമ്മറ്റി രൂപീകരിച്ചതെന്നതാണ് വിരോധാഭാസം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com