പിഎം ശ്രീ പദ്ധതിയിൽ എതിർപ്പുമായി ആർജെഡിയും; എൽഡിഎഫിൽ ചർച്ച വേണമെന്ന് ഡോ. വർഗീസ് ജോർജ്

ആദ്യം പണം വാങ്ങാം, പിന്നെ വ്യവസ്ഥ മാറ്റാമെന്നത് പ്രായോഗികമല്ലെന്നും വർഗീസ് ജോർജ്
ഡോ. വർഗീസ് ജോർജ്
ഡോ. വർഗീസ് ജോർജ്
Published on

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ചേരുന്നതിൽ എതിർപ്പുമായി ഇടതുമുന്നണിയിലെ കൂടുതൽ ഘടകക്ഷികൾ. പദ്ധതിയിൽ ഒപ്പ് വെക്കുന്നതിനെതിരെ ആർജെഡിയും രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങൾ കീഴടങ്ങിയ പോലെ കേരളം കീഴടങ്ങരുതെന്നാണ് ആർജെഡി സെക്രട്ടറി ജനറൽ ഡോ.വർഗീസ് ജോർജ് ന്യൂസ് മലയാളത്തോട് പറഞ്ഞത്. നയപരമായ പ്രശ്നങ്ങൾ മുന്നണി യോഗത്തിൽ ചർച്ച ചെയ്യുന്നതാണ് രീതിയെന്നും ജോർജ് കൂട്ടിച്ചേർത്തു.

ഇടതുമുന്നണിയിൽ ചർച്ച വേണമെന്നാണ് ഡോ. വർഗീസ് ജോർജിൻ്റെ ആവശ്യം. സർക്കാർ നിയമപോരാട്ടം നടത്തുകയാണ് വേണ്ടത്. ആദ്യം പണം വാങ്ങാം, പിന്നെ വ്യവസ്ഥ മാറ്റാമെന്നത് പ്രായോഗികമല്ല. പദ്ധതി അംഗീകരിച്ചാൽ അശാസ്ത്രീയ, അന്ധവിശ്വാസ വിദ്യാഭ്യാസ സമ്പ്രദായം സ്വീകരിക്കേണ്ടി വരും. സംസ്ഥാന സർക്കാർ രാഷ്ട്രീയമായി കീഴടങ്ങരുതെന്നും ആർജെഡി നേതാവ് ആവശ്യപ്പെട്ടു.

ഡോ. വർഗീസ് ജോർജ്
"പ്രഹ്‌ളേഷ് ആരാണെന്ന് ‍തൃശൂരിൽ അന്വേഷിക്കണം, ചിന്തിക്കാൻ കഴിയാത്ത പണി തരും"; വ്യാപാരിയുടെ മരണത്തിൽ പലിശക്കാരുടെ ഭീഷണി സന്ദേശം പുറത്ത്

അതേസമയം പിഎം ശ്രീ പദ്ധതി കേരളം നടപ്പാക്കില്ലെന്ന് തറപ്പിച്ച് പറയുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീയില്‍ സിപിഐഎമ്മിനും സിപിഐക്കും ഒരേ നിലപാടാണുള്ളത്. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബിയും പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം എന്ന ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള പദ്ധതിയാണ് അതെന്നും അതിന് അനുവദിക്കില്ലെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

പിഎം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങിയാൽ അത് നടപ്പാക്കേണ്ടിവരും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീ. ഫണ്ടും നയവും തമ്മിൽ ബന്ധമുള്ളതാണ്. ഇക്കാര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തള്ളിയാണ് ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com