തിരുവനന്തപുരം: ശബരിമല സ്വർണക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും യുഡിഎഫ് അധ്യക്ഷൻ അടൂർ പ്രകാശ് എംപിയും തമ്മിലുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. പോറ്റിയും മറ്റ് രണ്ടു പേരും ചേർന്ന് നിർമിച്ച് നൽകിയ വീടിൻ്റെ താക്കോൽദാനം നിർവഹിച്ചത് അടൂർ പ്രകാശാണ്. 2024 ജനുവരിയിൽ നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ അടൂർ പ്രകാശ് എംപിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കാണാൻ പോയത് പ്രസാദം നൽകാനെന്നായിരുന്നു നേരത്തെ പുറത്തുവന്ന ചിത്രങ്ങളെ കുറിച്ച് അടൂർ പ്രകാശിൻ്റെ വിശദീകരണം. സന്ദർശനത്തിന് മുൻകൂർ ആയി അനുമതി വാങ്ങിയത് താൻ അറിഞ്ഞില്ല. തൻ്റെ മണ്ഡലത്തിൽ ഉള്ള വോട്ടർ ആയതുകൊണ്ടാണ് പോറ്റിയുടെ കൂടെ പോയത് എന്നും കാട്ടുകള്ളൻ ആണെന്ന് അറിയില്ലായിരുന്നു എന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.