

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തിലധികം മാനുകളെ ചത്ത നിലയില്‍ കണ്ടെത്തി. തെരുവുനായ ആക്രമണത്തെ തുടര്‍ന്നാണ് മാനുകള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം. 373 കോടി രൂപ ചെലവഴിച്ച് നിര്‍മാണ പൂര്‍ത്തിയാക്കിയ പാര്‍ക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ആണ് മാനുകള്‍ ചത്തത്.
സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ഇതിനോടകം ആരോപണം ഉയര്‍ന്നിട്ടുണ്ട്. പാര്‍ക്കിനുള്ളില്‍ തെരുവുനായ കടന്നത് എങ്ങനെയാണെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തില്‍ ഡോ. അരുണ്‍ സക്കറിയ പുത്തൂരിലേക്ക് പുറപ്പെടും.