ആരോഗ്യ കേന്ദ്രങ്ങളിൽ ഫാർമസിസ്റ്റുമാരെ നിയമിക്കുന്നില്ല; റാങ്ക് ലിസ്റ്റിൽ കാത്തിരിക്കുന്നത് 2000ലേറെ പേർ

പുതിയ തസ്തികകൾ സൃഷിടിച്ച് നിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം
ആരോഗ്യ കേന്ദ്രങ്ങളിൽ ഫാർമസിസ്റ്റുമാരെ നിയമിക്കുന്നില്ല; റാങ്ക് ലിസ്റ്റിൽ കാത്തിരിക്കുന്നത് 2000ലേറെ പേർ
Published on
Updated on

തിരുവനന്തപുരം: റാങ്ക് ലിസ്റ്റിൽ രണ്ടായിരത്തിന് മുകളിൽ ഉദ്യോഗാർഥികൾ കാത്തിരിക്കുമ്പോഴും ആരോഗ്യകേന്ദ്രങ്ങളിൽ ആവശ്യത്തിന് ഫാർമസിസ്റ്റുമാരെ നിയമിക്കുന്നില്ലെന്ന് ആക്ഷേപം. 2025ൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റിൽ 2306 പേർ ഉണ്ടായിട്ടും 227 നിയമനങ്ങൾ മാത്രമാണ് നടന്നത്. പുതിയ തസ്തികകൾ സൃഷിടിച്ച് നിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. അതേസമയം റാങ്ക് ലിസ്റ്റ് നിലനിൽക്കെ പുതിയ സർക്കാരിന്റെ കാലയളവിൽ മാത്രം നടന്നത് 26ലധികം താൽക്കാലിക നിയമനങ്ങളാണ്. ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാതെ താൽക്കാലിക ജീവനക്കാരെ നിയമിച്ച് ഉദ്യോഗാർഥികളുടെ വയറ്റത്തടിക്കുകയാണ് സർക്കാരെന്നും ആക്ഷേപം.

2306 പേരുള്ള റാങ്ക് ലിസ്റ്റിൽ ഒരു വർഷത്തിനിടയിൽ 227 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്‌. പകർച്ചവ്യാധികളുടെ സമയത്ത് പോലും പല ആശുപത്രികളിലും ഒരു ഫാർമസിസ്റ്റ് മാത്രമാണ് ഉള്ളത്. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പലപ്പോഴും മരുന്നുകൾ എപ്പോൾ കഴിക്കണമെന്നടക്കമുള്ള നിർദ്ദേശങ്ങൾ നൽകാൻ കഴിയാത്ത സ്ഥിതിയാണ്.ഫാർമസിസ്റ്റുകളുടെ കുറവ് മൂലം ആശുപത്രികളിൽ പേഷ്യന്റിന്റെ കൗൺസിലിംഗ് നടക്കുന്നില്ല. ഇതിന്റെ ഇരകൾ ജീവിതശൈലി രോഗം ബാധിച്ചവരാണ്. ശരിയായ രീതിയിൽ പേഷ്യന്റ് കൗൺസിലിംഗ് ലഭിക്കാത്തതിനാൽ പലരും കിടപ്പ് രോഗികളായി മാറുന്നു. പലയിടത്തും ജീവനക്കാരുടെ അഭാവത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തിയാണ് ആരോഗ്യ വകുപ്പ് മുന്നോട്ടുപോവുന്നത്.

ആരോഗ്യ കേന്ദ്രങ്ങളിൽ ഫാർമസിസ്റ്റുമാരെ നിയമിക്കുന്നില്ല; റാങ്ക് ലിസ്റ്റിൽ കാത്തിരിക്കുന്നത് 2000ലേറെ പേർ
മലയാളികളുടെ നോവായി അര്‍ജുന്‍; ഷിരൂർ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്

റാങ്ക് ലിസ്റ്റിലുള്ളവർ മറ്റ് തൊഴിലുകളെയും സ്വകാര്യ മേഖലയെയും ആശ്രയിക്കുന്ന സ്ഥിതിയാണ്. എന്നാൽ സ്വകാര്യമേഖലയിൽ ഫാർമസിസ്റ്റുകൾക്ക് തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. നിലവിൽ ബിഫാം ,എംഫാം ,ഡി ഫാം എന്നി കോഴ്സുകൾ പഠിക്കുന്നവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ചെറുതല്ല. പുതിയ തസ്‌തികകൾ സൃഷ്ടിച്ച് ഉടനെ നിയമനം നടത്തിയില്ലെങ്കിൽ രോഗികളെയും ഉദ്യോഗാർഥികളുടെ ഭാവിയേയും ആരോഗ്യമേഖലയുടെ സുസ്ഥിരമായ പ്രവർത്തനത്തെയും ഒരേ പോലെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഒരു പി.എസ്.സി ഫാർമസിസ്റ്റ് മാത്രം ഉള്ള ആശുപത്രികളിൽ എന്തെങ്കിലും കാരണങ്ങളാൽ ആ വ്യക്തി അവധിയിൽ പ്രവേശിച്ചാൽ ഫാർമസി കൗണ്ടറുകൾ അടച്ചിടേണ്ട അവസ്ഥയാണ്.

താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്‌പിറ്റലുകൾ പോലുള്ള ഉയർന്ന ആശുപത്രികളിൽ മതിയായ ഫാർമസിസ്റ്റുകൾ ഇല്ലാത്തതിനാൽ രാത്രി, ഫാർമസി സേവനം ലഭ്യമാകാത്ത സാഹചര്യവുമുണ്ട്. മൂന്ന് ആഴ്ചക്കകം സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഒഴിവുകൾ കണ്ടെത്തി പി എസ് സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഉത്തരവുണ്ട്.ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കൃത്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്നും, കായകൽപം പോലുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി തസ്തികകൾ സൃഷിട്ടിക്കണമെന്നും ഉദ്യോഗാർഥികൾ പറയുന്നു.

News Malayalam 24x7
newsmalayalam.com