കൊച്ചി: മകനെ അസഭ്യം പറഞ്ഞ സുഹൃത്തുക്കളെ അമ്മയും സംഘവും ക്ലാസിൽ കയറി വലിച്ചിഴച്ച് പുറത്തിറക്കി ഭീഷണിപ്പെടുത്തി. എറണാകുളത്തെ സർക്കാർ സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ പരിപാടിയായ ഉദയം പദ്ധതിയുടെ ബോധവത്കരണ ക്ലാസിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. തുടർന്ന് ഉദയം പദ്ധതി ക്ലാസ് നിർത്തിവച്ചു. തുടർന്നുള്ള പിരീഡുകളും മുടങ്ങി.
പ്രധാന അധ്യാപികയുടെ പരാതിയിൽ മട്ടാഞ്ചേരി സ്വദേശിനിയെയും ബന്ധുക്കളായ നാല് പേരെയും പ്രതിചേർത്ത് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ക്ലാസിലെ വഴക്കിനിടെ സഹപാഠികളായ മൂന്ന് പേർ തന്നെ അസഭ്യം പറഞ്ഞത് കുട്ടി അമ്മയെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതോടെയാണ് അമ്മയും ബന്ധുക്കളും സ്കൂളിലെത്തിയത്. പിന്നാലെ പൊലീസ് എത്തി അഞ്ചുപേരെയും സ്‌കൂളിൽ നിന്ന് പുറത്താക്കി.
സംഭവത്തിൽ പ്രധാന അധ്യാപിക നേരിട്ടെത്തിയാണ് പൊലീസിൽ പരാതി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥയായ അധ്യാപികയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക, അതിക്രമിച്ച് കടക്കൽ, നിയമവിരുദ്ധമായി സംഘംചേരൽ, കുട്ടികളെ അസഭ്യം പറയുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടികളെ സ്‌കൂളിൽവച്ച് ഭീഷണിപ്പെടുത്തുകയും വലിച്ചിഴയ്ക്കുകയും ചെയ്‌തെങ്കിലും ജുവനൈൽ ജസ്റ്റിസ് വകുപ്പുകളൊന്നും ചേർത്തിട്ടില്ല.