കണ്ണൂർ: തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. അതേസമയം, രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ നിതിനെ വെറുതെ വിട്ടു. ശരണ്യക്കെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞെങ്കിലും, ഗൂഢാലോചന തെളിയിക്കാനായിട്ടില്ല. നിധിനെതിരെ ചുമത്തിയ ഗൂഢാലോചന ഉള്‍പ്പെടെ കുറ്റങ്ങളും തെളിയിക്കാനായില്ല. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒപ്പം കിടത്തിയുറക്കിയ മകന്‍ വിയാനെ കാണാനില്ലെന്ന് ശരണ്യ പരിഭ്രാന്തി അഭിനയിച്ചതോടെയാണ് നാട്ടുകാരും ബന്ധുക്കളും തിരക്കിയിറങ്ങിയത്. തിരച്ചിലിനൊടുവില്‍ തയ്യില്‍ കടപ്പുറത്തുനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയായിട്ടായിരുന്നു മൃതദേഹം.
കുഞ്ഞിനെ കാണാതായെന്ന് അറിഞ്ഞതോടെ, അകന്നുകഴിയുകയായിരുന്ന ഭര്‍ത്താവ് പ്രണവ് പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ, പ്രണവിനെ ആരോപണനിഴലില്‍ നിര്‍ത്താനും കുറ്റക്കാരനാക്കാനും ശരണ്യ ശ്രമിച്ചു. എന്നാല്‍ തുടരന്വേഷണത്തില്‍ ശരണ്യയുടെ കള്ളക്കള്ളി പൊളിഞ്ഞു. നിതിനൊപ്പം ജീവിക്കാനായി ശരണ്യ തന്നെയാണ് വിയാനെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു.
പുലർച്ചെ കടൽതീരത്തെത്തിയ ശരണ്യ ആദ്യം കുഞ്ഞിനെ വലിച്ചെറിഞ്ഞു. കരഞ്ഞുകൊണ്ട് കുഞ്ഞ് അടുത്തേക്ക് എത്തിയപ്പോള്‍, കടല്‍ ഭിത്തിയില്‍ എറിഞ്ഞ് മരണം ഉറപ്പാക്കി. പിന്നീട് പോയിക്കിടന്നുറങ്ങിയ ശരണ്യ രാവിലെ കുഞ്ഞിനെ കാണാനില്ലെന്ന തരത്തില്‍ ആളുകളെ പറ്റിക്കുകയായിരുന്നു. മുലപ്പാല്‍ നല്‍കി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു കൊലപാതകം. കടലിലെ ഉപ്പുവെള്ളം പറ്റിയുണങ്ങിയ വസ്ത്രങ്ങളും ചെരിപ്പും ഉള്‍പ്പെടെ തെളിവുകളായി.
ശരണ്യയുമായി ബന്ധമുണ്ടെങ്കിലും കൊലപാതകത്തില്‍ പങ്കില്ലെന്ന് നിതിന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ശരണ്യയും നിതിനും നിരന്തരം ഫോണ്‍ സംഭാഷണം നടത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. വിചാരണയ്ക്കിടെ ശരണ്യ ആത്മഹത്യക്കും ശ്രമിച്ചിരുന്നു.
കേസില്‍ 47 സാക്ഷികളെയാണ് വിസ്തരിച്ചത്. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്.