തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് ചവിട്ടി താഴെയിട്ട പത്തൊൻപതുകാരിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി പെൺകുട്ടിയുടെ അമ്മ. മകൾ ഇപ്പോഴും വെൻ്റിലേറ്ററിലാണ്. ഇതുവരെയും ചികിത്സ തുടങ്ങിയിട്ടില്ല. ഒരുമണിക്ക് ബോർഡ് മീറ്റിങ് കൂടിയ ശേഷം ചികിത്സയെപ്പറ്റി പറയാമെന്ന് ഡോക്ടർമാർ അറിയിച്ചത്. ഉച്ചയ്ക്ക് ശേഷം ആളില്ലെങ്കിൽ എന്ത് ചെയ്യും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സ തൃപ്തികരമല്ലെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
"മകൾ ഇപ്പോൾ പാതി ശവത്തെപോലെ ആണ് കിടക്കുന്നത്. മകൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണം. ഞങ്ങൾക്ക് ആരുമില്ല ചോദിക്കാൻ. 20 മുറിവ് ദേഹത്ത് ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഇൻ്റേണൽ ബ്ലീഡിങ്ങും ഉണ്ട്. എംആർഐ സ്കാൻ പോലും ഉച്ചയ്ക്ക് ശേഷം ചെയ്യാമെന്ന് ആണ് പറയുന്നത്. ന്യൂസ് കാണുമ്പോൾ ആണ് ഞാൻ കാര്യം അറിയുന്നത്. തെറ്റ് കണ്ടാൽ എതിർത്ത് സംസാരിക്കുന്ന ആളാണ് മകൾ. എൻ്റെ കുട്ടിക്ക് നീതി ലഭിക്കണം. സർക്കാർ അടിയന്തരമായി ഇടപെടണം", പെൺകുട്ടിയുടെ അമ്മ പ്രിയദർശിനി.
20 മുറിവ് ദേഹത്ത് ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. തലയിൽ ആഴത്തിലുള്ള രണ്ട് മുറിവുകൾ ഉണ്ട്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ശ്വാസം എടുക്കുന്നുണ്ട്. മൂക്കിലൂടെ ചോര വരുന്നുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. രണ്ടുപേരെയാണ് പ്രതി ഉപദ്രവിക്കാൻ നോക്കിയത്. ട്രെയിനിൽ എന്ത് സുരക്ഷയാണ് പെൺകുട്ടികൾക്കുള്ളതെന്നും പ്രിയദർശിനി ചോദിച്ചു.
അതേ സമയം പെൺകുട്ടിയുടെ തലച്ചോറിൽ ചതവുകളുണ്ടെന്നും, ഒന്നിലധികം മുറിവുകളുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ല. ന്യൂറോ മെഡിസിൻ,സർജിക്കൽ ന്യൂറോ, ഇ. എൻ.ടി ,ക്രിട്ടിക്കൽ കെയർ യൂണിറ്റ് എന്നീ വിഭാഗങ്ങളുടെ തലവന്മാരാണ് ചികിത്സ ഉറപ്പാക്കുന്നത്. നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.